സോണി വേൾഡ് ഫോട്ടോഗ്രാഫി അവാർഡ് പട്ടികയിൽ നാല് ഇന്ത്യക്കാർ

Posted on: March 7, 2017

സോണി വേൾഡ് ഫോട്ടോഗ്രാഫി അവാർഡിന് പോർട്രെയ്റ്റ് വിഭാഗത്തിലെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച മഹേഷ് ശാന്താറാമിന്റെ (ബംഗലുരു) ചിത്രം.

കൊച്ചി : സോണി വേൾഡ് ഫോട്ടോഗ്രാഫി അവാർഡ് 2017 ന്റെ പ്രൊഫഷണൽ, ഓപ്പൺ സ്റ്റുഡന്റ് ഫോക്കസ് മത്സര വിഭാഗത്തിലെ ചുരുക്കപ്പെട്ടികയിൽ ആദ്യ പത്തിൽ നാല് ഇന്ത്യൻ ഫോട്ടോഗ്രാഫർമാർ ഇടം നേടി. സമകാലിക വിഷയത്തെ ഏറ്റവും നന്നായി പ്രതിനിധീകരിക്കുന്ന ചിത്രങ്ങളെയാണ് ജഡ്ജിംഗ് പാനൽ ചുരുക്കപ്പട്ടികയിലേക്ക് തെരഞ്ഞെടുത്തത്. ജയന്ത റോയ് (കോൽക്കത്ത) ലാൻഡ്‌സ്‌കേപ്പ് വിഭാഗത്തിലും മഹേഷ് ശാന്താറാം (ബംഗലുരു) പോർട്രെയ്റ്റ് വിഭാഗത്തിലെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു.

ഓപ്പൺ കോമ്പറ്റീഷന്റെ ട്രാവൽ വിഭാഗത്തിൽ സ്വപ്നിൽ ദേശ്പാണ്ഡെ (മഹാരാഷ്ട്ര) തെരഞ്ഞെടുത്തു. ശാവ്യ കാഗ് (വിജയവാഡ) സ്റ്റുഡന്റ് ഫോക്കസ് മത്സര വിഭാഗത്തിലും ഇടം നേടി. ഈ വർഷത്തെ സോണി വേൾഡ് ഫോട്ടോഗ്രാഫി അവാർഡിലേക്ക് 183 രാജ്യങ്ങളിൽ നിന്നുള്ള 2,27,000 ൽപ്പരം ചിത്രങ്ങളാണ് ലഭിച്ചത്. ഓപ്പൺ വിഭാഗത്തിലെ വിജയികളെ മാർച്ച് 28 ന് പ്രഖ്യാപിക്കും. പ്രൊഫഷണൽ കാറ്റഗറി വിജയികളെയും സ്റ്റുഡന്റ് ഫോക്കസ് വിജയിയെയും ലണ്ടനിൽ ഏപ്രിൽ 20 ന് നടക്കുന്ന പുരസ്‌കാര ചടങ്ങിൽ പ്രഖ്യാപിക്കും.