ഹൊറർ ത്രില്ലറുമായി നയൻതാരയെത്തുന്നു

Posted on: February 25, 2017

മായ എന്ന ഹൊറർ ചിത്രത്തിനുശേഷം മറ്റൊരു ഹൊറർ ത്രില്ലറുമായി ആരാധകരെ പേടിപ്പിക്കാൻ എത്തുകയാണ് തെന്നിന്ത്യൻ താരസുന്ദരി നയൻതാര. ദോസ് രാമസാമി സംവിധാം ചെയ്യുന്ന ഡോറ ആണ് നയൻതാരയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. സിനിമയുടെ ടീസർ യുടൂബിൽ റിലീസ് ചെയ്ത് ആറ് ദിവസങ്ങൾക്കുള്ളിൽ 18 ലക്ഷം പേരാണ് കണ്ടത്.

പാവലക്കൊടി എന്ന കഥാപാത്രമായാണ് ഡോറയിൽ നയൻതാര പ്രത്യക്ഷപ്പെടുന്നത്. നയൻതാരയുടെ ടാക്‌സി ഡ്രൈവറായ അച്ഛന്റെ വേഷത്തിൽ തമ്പി രാമയ്യ എത്തുന്നു. ഹരീഷ് ഉത്തമൻ, ഷാൻ, തരുൺ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുട്ടിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ പോസ്റ്ററുകളും ഇതിനകം ആരാധകരുടെ ശ്രദ്ധനേടി.

നയൻ താരയുടെ 2015 ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രം മായ വലിയ വിജയമായിരുന്നു. സാധാരണ ഹൊറർ പടങ്ങളിൽ നിന്നും വ്യത്യസ്തമായായിരുന്നു മായ തിയേറ്ററുകളിൽ എത്തിയത്. ഈ വ്യത്യസ്ത ത ഡോറയിലും ആരാധകർ പ്രതീക്ഷിക്കുന്നു. ബോക്‌സ് ഓഫീസിൽ 50 കോടി കളക്ഷനാണ് നയൻതാരയുടെ മായ നേടിയത്. ഈ പ്രതീക്ഷയിൽ തന്നെയാണ് ഡോറയുടെ അണിയറ പ്രവർത്തകരും.

രണ്ട് പാട്ടുകളാണ് ചിത്രത്തിലുള്ളത് ഇതിന് ഈണം നൽകിയിരിക്കുന്നത് വിവേക് ശിവ മെർവിനും സോളമനും ചേർന്നാണ്. സൂദുകാവും തെഗിടി, രെക്ക, സേതുപതി തുടങ്ങിയ ചിത്രങ്ങൾ ഛായാഗ്രഹണം നിർവഹിച്ച ദിനേശ് കൃഷ്ണനാണ് ഡോറയ്‌യുടെ ക്യാമറമാൻ. തനിഒരുവന്റെ എഡിറ്റിംഗ് നർവഹിച്ച ഗോപി കൃഷണനാണ് ഈ ചിത്രത്തിന്റെയും എഡിറ്റർ. സർകുണം സിനിമയുടെ ബാനറിൽ എ. സർകുണമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഏപ്രിൽ 11 ന് ഡോറ തീയേറ്ററുകളിലെത്തിയേക്കും.