മൂന്നാം വട്ടവും ദുരൈസിങ്കമായി സൂര്യ ; സിങ്കം 3 റിലീസ് 26 ന്

Posted on: January 4, 2017

തമിഴിലെ സൂപ്പർതാരമായ സൂര്യ നായകനായെത്തുന്ന സിങ്കം 3 (എസ് ത്രി) റിപ്പബ്ലിക് ദിനമായ ജനുവരി 26 തിയേറ്ററുകളിൽ എത്തും. സിങ്കം സീരിസിലെ മൂന്നാമത്തെ ചിത്രമാണിത്. ഡിസിപി ദുരൈ സിങ്കമായാണ് ചിത്രത്തിൽ സൂര്യ അഭിനയിക്കുന്നത്.

ഇന്റർനാഷണൽ ഇൻവെസ്റ്റിഗേറ്റീവ് ഓഫീസറായ ആക്ഷൻ ഹീറോ ആയിട്ടാണ് ഇത്തവണ ദുരൈ സിംഗം എത്തുക. സിങ്കം, സിങ്കം2 സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന എസ്3 യും ആരാധകർ ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ഹരി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുൻ ചിത്രങ്ങളിലേതുപോലെ അനുഷ്‌ക ഷെട്ടി തന്നെയാണ് ഈ ചിത്രത്തിലും സൂര്യയുടെ നായിക.

അനുഷ്‌കയോടൊപ്പം തന്നെ ശ്രുതി ഹാസനും ചിത്രത്തിൽ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്. ദുരൈ സിംഗത്തിന്റെ സഹായിയായി എരിമലയുടെ വേഷത്തിൽ കോമഡി റോൾ കൈകാര്യം ചെയ്യാൻ വിവേകും ഉണ്ടാകും. ബോഡി ബിൽഡർ മിസ്റ്റർ വേൾഡ് അനൂപ് സിംഗ് ആണ് എസ് ത്രിയിൽ സുര്യയുടെ വില്ലനായി എത്തുക.

ഇവരെക്കൂടാതെ ക്രിഷ്, രാധിക ശരത്കുമാർ, നാസർ, രാധ രവികുമാർ, വിജയ്കുമാർ, ഡൽഹി കുമാർ, യുവറാണി, സുമിത്ര തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിലെ മിക്കതാരങ്ങളും കഥാപാത്രങ്ങളും പഴയതെങ്കിലും കഥയും കഥയുടെ പശ്ചാത്തലവും പുതിയതും പുതുമയുള്ളതുമാണ്.

മുൻ സിനിമകളുടെ പശ്ചാത്തലം തൂത്തുകൂടിയും, ചെന്നെയും, കേരളവുമൊക്കെ ആയിരുന്നുവെങ്കിൽ ഇത്തവണ ആന്ധ്രയിൽ നിന്നും മലേഷ്യ, ജോർജിയ, റുമേനിയ തുടങ്ങിയ വിദേശരാജ്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ സഞ്ചരിയ്ക്കുന്നത്. കനൽ കണ്ണനാണ് ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഹാരിസ് ജയരാജാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. വി.ടി. വിജയൻ, ടി.എസ് ജെയ് എന്നിവർ ചേർന്നാണ് എഡിറ്റിംഗ് ജോലികൾ നിർവിഹിച്ചിരിക്കുന്നത്. ഹരിയുടെ സിനിമകളിൽ കാമറ കൊണ്ട് മായാജാലങ്ങൾ സൃഷ്ടിയ്ക്കാറുള്ള പ്രിയൻ തന്നെയാണ് എസ്3 യുടേയും ഛായാഗ്രാഹകൻ.

സ്റ്റുഡിയോ ഗ്രീൻ, പെൻമൂവീസ് അദ്‌നാ ആർട്‌സ് എന്നിവർ ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രം വിതരണത്തിനെത്തിക്കുന്നത് പെൻ മൂവീസാണ്. ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ യുട്യൂബിൽ ഹിറ്റായിരുന്നു. 10 ലക്ഷത്തിനടുത്ത് ആളുകളാണ് ടീസർ കണ്ടത്.