പൊങ്കൽ ദിനത്തിൽ ഭൈരവനായി വിജയ് എത്തും

Posted on: January 3, 2017

വിജയ് നായകനാകുന്ന തമിഴ് ചിത്രം ഭൈരവ പൊങ്കൽ ദിവസമായ ജനുവരി 14 ന് റിലീസ് ചെയ്യും. വിജയ് അഭിനയിക്കുന്ന അറുപതാമത്തെ ചിത്രമെന്ന പ്രത്യേകതയുമായാകും ഭൈരവ തിയറ്ററുകളിൽ എത്തുക. ഭൈരവനായെത്തുന്ന ഇളയ ദളപതിയെ കാണാനുള്ള ആവേശത്തിലാണ് വിജയ് ആരാധകർ.

അഴകിയ തമിഴ് മകൻ ഒരുക്കിയ ഭരതൻ തന്നെയാണ് ഈ സിനിമയും സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത് മലയാളിയായ കീർത്തി സുരേഷാണ്. കീർത്തിയെ കൂടാതെ ഒരുപറ്റം മലയാളി താരങ്ങൾ കൂടി ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിജയ രാഘവൻ, റോഷൻ ബഷീർ, അപർണ വിനോദ്, സിജ റോസ്, സീമ ജി. നായർ, എന്നീ മലയാളി താരങ്ങളാണ് ഭൈരവയിലൂടെ തമിഴിൽ ഒത്തുചേരുന്നത്.

ഇതും എന്ന മായം, രജനിമുരുകൻ എന്നീ തമിഴ് ചിത്രങ്ങളിലെ കീർത്തി സുരേഷിന്റെ പ്രകടനമാണ് ഭൈരവ’യിലേക്ക് വഴിതുറന്നത്. ഭൈരവയുടെ ടീസർ നേരത്തെ തന്നെ സോഷ്യൽ മീഡിയിൽ തരംഗമായിരുന്നു. പുലിമുരുകനിലെ ഡാഡി ഗിരിജ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്കു സുപരിചിതനായ ഗജപതി ബാബുവും ഭൈരവയിൽ ഒരു പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം തന്നെ ഡാനിയേൽ ബാലാജി, പാപ്രി ഘോഷ്, സതീഷ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

വിജയാ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഭൈരവയ്ക്കായി എം. സുകുമാർ കാമറ ചലിപ്പിക്കുന്നത്. തമിഴിലെ നവനിര സിനിമകളിൽ സംഗീത സംവിധായകനായി വിലസുന്ന സന്തോഷ് നാരായണനാണ് (കബാലി ഫെയിം) ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കെ.എൽ. പ്രവീൺ ആണ് എഡിറ്റിംഗ് ജോലികൾ നിർവഹിച്ചിരിക്കുന്നത്. സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് അനിൽ അരശ്. പിആർഒ അയ്മനം സാജൻ.  ശ്രീ ഗ്രീൻ പ്രൊഡക്ഷൻസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.