ജയരാജിന്റെ വീരം റിലീസിന് തയാറെടുക്കുന്നു

Posted on: October 22, 2016

veeram-trailer-launch-big

കൊച്ചി : മലയാളത്തിന്റെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതി നേടിയ വീരം ഉടൻ തീയറ്ററുകളിൽ എത്തും. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുനാൽ കപൂറാണ് നായകൻ. മുപ്പത്തഞ്ച് കോടിയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്. ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് കൊച്ചിയിൽ നടന്നു. പ്രൗഢഗംഭീര ചടങ്ങിൽ നിരവധി പ്രശസ്തർ പങ്കെടുത്തു.

ചടങ്ങിൽ സംഗീതസംവിധായകൻ അർജ്ജുനൻമാസ്റ്റെറെ ആദരിച്ചു. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് അർജ്ജുനൻ മാസ്റ്റാണ്. കാവാലം നാരായണപണിക്കരുടേതാണ് ഗാനരചന. കാവാലം നാരായണ പണിക്കരുടെയും സംഗീത സംവിധായകൻ രാജാമണിയുടേയും വേർപാടിനു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. വർഷങ്ങളുടെ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ അനിർവചനീയ നിമിഷങ്ങളാണിതെന്ന് സംവിധായകൻ ജയരാജ് ചടങ്ങിൽ പറഞ്ഞു.

പ്രശസ്ത നിർമ്മാതക്കളായ സിയാദ്‌കോക്കർ, സാബു ചെറിയാൻ, എവർഷൈൻ മണി തുടങ്ങിയ പ്രമുഖർ ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഷാജി കൈലാസ്, ലാൽജോസ്, സിദ്ധാർത്ഥ് ഭരതൻ, റോബിൻ തിരുമല, ബ്ലസി, റോഷൻ ആൻഡ്രൂസ്, ജിത്തു ജോസഫ്, തമ്പി കണ്ണന്താനം, നിതിൻ രഞ്ജിപണിക്കർ, ഡോ. ബിജു തുടങ്ങിയ പ്രശസ്തരായ സംവിധായകർ ചേർന്നാണ് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്.

ചിത്രത്തിലെ നായകൻ കുനാൽ കപൂറും നായിക ദിവീന താക്കൂറും മറ്റു താരങ്ങളും ചേർന്ന് ട്രെയ്‌ലർ പുറത്തിറക്കി. വലിയ കഠിനപ്രയത്‌നത്തിന്റെ ഫലമാണ് ഈ ചിത്രമെന്നും, മറ്റു ഭാഷകൾ പോലെയല്ല മലയാളം, ഇതൊരു വെല്ലുവിളി ആയി ഏറ്റെടുത്തു കൊണ്ടാണ് താൻ ചിത്രത്തിലേയ്ക്ക് വന്നതെന്നും ചിത്രത്തിലെ നായകൻ കുനാൽ പറഞ്ഞു. മലയാള ചലച്ചിത്ര സംഗീതത്തിന്റെ ഗുരുസ്ഥാനീയനായ അർജ്ജുനൻ മാസ്റ്റർക്ക് സംവിധായകൻ ജയരാജ് പൂർണ്ണകുംഭം നൽകി. ചിത്രത്തിന്റെ നിർമ്മാതാവ് ചന്ദ്രമോഹൻ പൊന്നാട അണിയിച്ചു. തുടർന്ന് അർജ്ജുനൻ മാസ്റ്റർ ചിത്രത്തിന്റെ ഓഡീയോ റീലിസ് നടത്തി. ചലച്ചിത്ര സാംസ്‌ക്കാരിക രംഗത്തെ പ്രമുഖർ ചിത്രത്തിന് വിജയാശംസകൾ അർപ്പിച്ചു.

TAGS: Jayaraj | Veeram |