സ്റ്റാർ സ്‌പോർട്‌സിൽ റിയോ ഒളിംപിക്‌സ് വീക്ഷിച്ചത് 19.1 കോടി ഇന്ത്യക്കാർ

Posted on: September 1, 2016

Star-Sports-Logo-Big

കൊച്ചി : ഒന്നിലധികം ചാനലുകളിലൂടെ റിയോ ഒളിംപിക്‌സ് കായിക പ്രേമികളിലെത്തിച്ച സ്റ്റാർ സ്‌പോർട്‌സ് പ്രേക്ഷകരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ബാർക്കിന്റെ കണക്ക് പ്രകാരം 19.1 കോടി ആളുകളാണ് സ്റ്റാർ സ്‌പോർട്‌സ് ചാനലുകൾ ഈ കാലയളവിൽ വീക്ഷിച്ചത്. ഒളിംപിക്‌സ് ഇനങ്ങൾ ടെലിവിഷനിൽ കണ്ട മൂന്നിൽ രണ്ടു പേരും സ്റ്റാർ സ്‌പോർട്‌സിനെയാണ് ആശ്രയിച്ചത്.

സ്റ്റാർ ഗ്രൂപ്പിൽപെട്ട ഹോട്ട് സ്റ്റാറിന്റെ ഡിജിറ്റൽ സംപ്രേക്ഷണവും റെക്കോർഡ് ഭേദിച്ചു. രാജ്യത്തെ 6 മെട്രോകളിൽ ടിവിയിലൂടെ മത്സരങ്ങൾ വീക്ഷിച്ചവരുടെ 70 ശതമാനത്തോളം മൊബൈലിൽ ഹോട്ട് സ്റ്റാർ സംപ്രേക്ഷണവും കാണുകയുണ്ടായി. രാജ്യത്തൊട്ടാകെ 10 കോടി ആളുകളാണ് ഹോട്ട് സ്റ്റാറിലൂടെ മത്സരങ്ങൾ വീക്ഷിച്ചത്.

പി. വി. സിന്ധുവും കരോലിനയും തമ്മിൽ നടന്ന ബാഡ്മിന്റൺ ഫൈനൽ മത്സരം വീക്ഷിച്ചത്. 1.72 കോടി കായിക പ്രേമികളാണ്. അന്നേ ദിവസം രാജ്യത്തെ ഏറ്റവും കൂടുതൽ പേർ കണ്ട ടെലിവിഷൻ പ്രോഗ്രാമായിരുന്നു അത്. ബാർക് നിലവിൽ വന്ന ശേഷം ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ക്രിക്കറ്റേതര മത്സരം ഇതായിരുന്നു.

ഈ വർഷം അഹമ്മദാബാദിൽ നടക്കാൻ പോകുന്ന കബഡി ലോകകപ്പ്, ഐഎസ്എൽ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ രാജ്യത്തിനകത്തെ മാച്ചുകൾ എന്നിവയുടെ കാര്യത്തിലും ഇതേ രീതിയിലുള്ള പ്രകടനമാണ് സ്റ്റാർ സ്‌പോർട്‌സ് പ്രതീക്ഷിക്കുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ നിതിൻ കുക്രേജ പറഞ്ഞു.

ഇന്ത്യയിൽ ഒളിംപിക്‌സിന്റെ ഡിജിറ്റൽ സംപ്രേക്ഷണം ഇതാദ്യമായിരുന്നു എന്നിരിക്കെ കായിക പ്രേമികൾക്ക് പുതിയ അനുഭവം ലഭ്യമാക്കാൻ ഹോട്ട് സ്റ്റാറിനു കഴിഞ്ഞുവെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് മോഹൻ അഭിപ്രായപ്പെട്ടു.

TAGS: Star Sports |