മലയാളത്തിന്റെ മുത്തുമണി

Posted on: January 17, 2016

Muthumani-Big

ചെയ്ത വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് മുത്തുമണി. ആദ്യചിത്രമായ രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, വിനോദയാത്ര, അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷമായിരുന്നു മുത്തുമണിയുടേതത്…..

നാടകവും സാഹിത്യവും ഇഴപിരിയാത്ത ഒരു വീട്ടിൽ നിന്നാണ് മുത്തുമണി സിനിമയിലെത്തിയത്. അധ്യാപക ദമ്പതിമാരുടെ ഇളയപുത്രിയായ മുത്തുമണിക്ക് ഏറെ പറയാനുളളതും വീട്ടിലെ വിശേഷങ്ങൾ തന്നെയാണ്…..

സിനിമയിൽ തുടക്കക്കാരിയായ എനിക്ക് രണ്ട് മഹാപ്രതിഭകളായ നടൻമാരുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷവുമുണ്ട്. എന്റെ അഭിനയജീവിതത്തിലെ മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ കൂടിയാണ് അവരോടൊത്തുളള അഭിനയനിമിഷങ്ങൾ. സത്യൻ സാറിന്റെ സിനിമയിലൂടെ എനിക്ക് മലയാളത്തിൽ പ്രവേശനം ലഭിച്ചതും ഗുണകരമായി. ഇപ്പോഴും എല്ലാ കാര്യങ്ങൾക്കും എനിക്ക് ഒരു ഗുരുവിനെപ്പോലെയും സുഹൃത്തിനെപ്പോലെയും സത്യൻ സാർ ഉപദേശങ്ങളും നിർദേശങ്ങളും നൽകാറുണ്ട്. നല്ലയൊരു ബന്ധം അദ്ദേഹവുമായി കാത്തുസൂക്ഷിക്കുന്നുണ്ട്.

സിനിമയിലേക്ക്….

എറണാകുളത്ത് നിയമസർവകലാശാലയിൽ (നുവാൽസ്) ഞാൻ എൽ.എൽ.ബിക്ക് പഠിക്കുന്ന കാലത്താണ് സത്യൻ അന്തിക്കാട്  രസതന്ത്രത്തിൽ അഭിനയിക്കാനായി എന്നെ ക്ഷണിക്കുന്നത്. അക്കാലത്ത് ഞാൻ ധാരാളം തീയേറ്റർ നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലുളള നാടകങ്ങളിലും ഞാൻ അഭിനയിച്ചിരുന്നു. പ്രശസ്തമായ ചില തീയേറ്ററുകളിലും പ്രഗത്ഭരായ നാടകപ്രതിഭകൾക്കൊപ്പവും ഞാൻ പ്രവർത്തിച്ചിരുന്നു. ഒട്ടേറെ നല്ല കഥാപാത്രങ്ങളും എനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നു.  അംഗീകാരങ്ങളും ലഭിച്ചിരുന്നു. ചെറിയ പ്രായം മുതലേ എനിക്ക് അഭിനയത്തിനോട് താല്പര്യമുണ്ടായിരുന്നതായി അച്ഛനും അമ്മയും പറയുമായിരുന്നു. അങ്ങനെ നാടകങ്ങളിലൂടെയാണ് ഞാൻ സിനിമയിലേയ്‌ക്കെത്തിയത്.

നാടകത്തോട് താല്പര്യം….

എന്റെ അച്ഛനും അമ്മയും അദ്ധ്യാപകരായിരുന്നു. അതുപോലെ തന്നെ കലയോടും സാഹിത്യത്തോടും നാടകത്തോടും രണ്ടുപേർക്കും വല്ലാത്തൊരടുപ്പമായിരുന്നു. അമ്മ ധാരാളം നാടകം എഴുതിയിട്ടുണ്ട്. കുട്ടികളുടെ നാടകങ്ങളാണ് കൂടുതലും. മററു ഭാഷകളിൽനിന്നുളള പല പ്രശസ്ത നാടകങ്ങളും അമ്മ മലയാളത്തിലേയ്ക്ക് മൊഴിമാററിയിട്ടുണ്ട്. ഞാനും ചേച്ചി പൊന്നുമണിയും കുട്ടിക്കാലം മുതലേ അച്ഛന്റെയും അമ്മയുടെയും ഇത്തരത്തിലുളള കലാവാസനകൾ കണ്ടാണ് വളർന്നത്. വീട്ടിൽ എല്ലാദിവസവും വൈകുന്നേരം സാഹിത്യസദസ്സുകളും കവിയരങ്ങുകളും ചർച്ചകളുമൊക്കെ നടത്തുമായിരുന്നു. പുതിയ പുസ്തകങ്ങളെക്കുറിച്ചും നാടകങ്ങളെക്കുറിച്ചുമൊക്കെ എപ്പോഴും വീട്ടിൽ ചർച്ചനടത്തുമായിരുന്നു. അച്ഛന്റെയും അമ്മയുടെയും സുഹൃത്തുക്കളും വീട്ടിലെത്തുമായിരുന്നു. കുട്ടികളായ ഞങ്ങളെയും ഇതിലൊക്കെ പങ്കാളികളാക്കുമായിരുന്നു. അങ്ങനെ കുട്ടിക്കാലത്ത് വീട്ടിൽനിന്ന് കിട്ടിയ ഇത്തരം അനുഭവങ്ങളാണ് നാടകത്തോടും കലയോടുമൊക്കെ എന്നെ അടുപ്പിച്ചത്.

നിയമരംഗത്തേയ്ക്ക്…..

നിയമപഠനം പൂർത്തിയായ ഉടനെ ഒരു സ്വകാര്യബാങ്കിൽ കേരളത്തിന്റെ ചുമതല വഹിക്കുന്ന ജോലിയിൽ പ്രവേശിച്ചു. അഞ്ച് വർഷം അവിടെ ജോലിചെയ്തു. അക്കാലത്താണ് സിനിമയിൽനിന്ന് പൂർണ്ണമായും വിട്ടുനിന്നത്. ജോലി ചെയ്യുമ്പോൾ സിനിമയിലും മററും അഭിനയിക്കുന്നതിന് വിലക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അഭിനയിക്കാതിരുന്നത്. ഇപ്പോൾ ആ ജോലി ഉപേക്ഷിച്ചു. ഇനി മുഴുവൻ സമയവും അഭിനയത്തിനായി മാററിവയ്ക്കുകയാണ്. എങ്കിലും എല്ലാ സിനിമകളിലും ഓടിനടന്ന് അഭിനയിക്കുന്നതിനോട് താത്പര്യമില്ല.

Muthumani-Big-a

വീട്ടിലെ വിശേഷങ്ങൾ….

ഭർത്താവ് പി. ആർ. അരുൺ റേഡിയോ മാംഗോയിലായിരുന്നു. ഇപ്പോൾ സിനിമയിൽ സജീവമായി വരുന്നു. ഞങ്ങളുടെ രണ്ടുപേരുടെയും വീട് എറണാകുളത്തു തന്നെയാണ്. ഞങ്ങൾക്ക് രണ്ടുപേർക്കും സിനിമയോട് വരെ ഇഷ്ടമാണ്. അതുകൊണ്ട് നല്ല സിനിമകൾ റിലീസ് ചെയ്യുമ്പോൾ അന്ന് തന്നെ പോയികാണും.

അച്ഛനെക്കുറിച്ചുളള ഓർമ്മകൾ….

അച്ഛൻ സോമസുന്ദരൻ അദ്ധ്യാപകനായിരുന്നു. കുട്ടിക്കാലം മുതലേ എന്നെ കലയുടെ ലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയത് അച്ഛനായിരുന്നു.അമ്മയും അതിന് പൂർണ്ണ സപ്പോർട്ടുണ്ടായിരുന്നു.എന്റെ നാടകാഭിനയവും സിനിമയുമൊക്കെ അച്ഛന് വളരെയേറെ ഇഷ്ടമായിരുന്നു. എല്ലാക്കാര്യത്തിനും അച്ഛന്റെ പൂർണ്ണ പിന്തുണ കൂടെയുണ്ടാകുമായിരുന്നു. വഴക്കോ പരിഭവമോ ഒന്നുമില്ലാതെ എപ്പോഴും നിഴലായി കൂടെയുണ്ടാകുമായിരുന്നു. ഞാൻ വലിയൊരു കലാകാരിയായിക്കാണണമെന്ന് അച്ഛന് വലിയ ആഗ്രഹമായിരുന്നു. എന്റെ കൂടെ ഷൂട്ടിംഗ് ലൊക്കേഷനിലൊന്നും വരാൻ അച്ഛന് കഴിഞ്ഞിരുന്നില്ല. രസതന്ത്രത്തിൽ അഭിനയിക്കുമ്പോൾ ഒന്നുരണ്ടുതവണ അച്ഛൻ വരാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അച്ഛനെ ലൊക്കേഷനിൽ കൊണ്ടുപോകണമെന്ന് എനിക്ക് വളരെ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ദൈവം അതിന് വഴിയൊരുക്കിയില്ല.

കൂട്ടുകാരെക്കുറിച്ച്…..

സിനിമയിൽ കാര്യമായി കൂട്ടുകാരാരും തന്നെയില്ല. പലരെയും എനിക്ക് നേരിൽ പരിചയമില്ല. പൊതുവെ ആരുമായും പെട്ടെന്ന് ഇണങ്ങുന്ന സ്വഭാവമെനിക്കില്ലാത്തതുകൊണ്ട് കൂട്ടുകാരും കുറവാണ്. എന്നാൽ തന്നെ പഠിക്കുന്ന കാലം മുതലേയുളള ചുരുക്കം ചില കൂട്ടുകാരുമായി ഇപ്പോഴും നല്ല സൗഹൃദത്തിലാണ്.

പ്രേരണ എന്ന പേരിൽ ഞാൻ ഒരു ട്രെയ്‌നിംഗ് പ്രോഗ്രാം നടത്തുന്നുണ്ട്. വിദ്യാർത്ഥികളുടെയും മററും വ്യക്തിത്വവികസനം ലക്ഷ്യമിട്ടാണ് പ്രേരണ പ്രോഗ്രാമുകൾ സംഘടിപ്പക്കുന്നത്. വിദ്യാർത്ഥികൾക്കു പുറമെ യുവതി യുവാക്കൾക്കും പ്രത്യേക ക്ലാസുകളുണ്ട്. വിവിധ മേഖലകളിൽ ശ്രദ്ധേയായവരെ പങ്കാളികളാക്കിയാണ് പ്രോഗ്രാമുകൾ നടത്തുന്നത്. എറണാകുളം കേന്ദ്രീകരിച്ചുളള പ്രേരണയുടെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടന്നു വരുന്നു. സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് കൂടുതലും പരിപാടി നടത്തുന്നത്.

അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വേണ്ടി സാരി ഡിസൈൻ ചെയ്തും, പുറത്ത് കൊടുത്ത് ഡിസൈൻ ചെയ്യിപ്പിച്ചും ഞാൻ സാരി നൽകുന്നുണ്ട്. ഇതൊരു ജോലിയായിട്ടല്ല ചെയ്യുന്നത്. വെറുതെ ഒരു ഹോബിയായിട്ടാണ്.
അമ്മയുടെയും ചേച്ചിയുടെയും വിശേഷങ്ങൾ….

ചേച്ചി പൊന്നുമണി വിവാഹിതയായി കുടുംബവുമൊത്ത് യുഎസിലാണ് താമസം. അമ്മ ഷേർലി സോമസുന്ദരം എറണാകുളത്ത് തേവയ്ക്കലിൽ വിദ്യോദയ സ്‌ക്കൂൾ അധ്യാപികയാണ്. കലാപ്രവർത്തനവും നാടകരചനയും ഇപ്പോഴും സജീവമായിതുടരുന്നു.

ആഗ്രഹിക്കുന്ന കഥാപാത്രം….

ഏതെങ്കിലും ഒരു കഥാപാത്രത്തോട് എനിക്ക് താത്പര്യമില്ല. ഇന്നയാളുടെ കീഴിൽ വർക്ക് ചെയ്യണമെന്നും ആഗ്രഹമില്ല. നല്ല വേഷങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പിന്നെ നല്ല സിനിമയുടെ ഭാഗമായി നിൽക്കാനാണ് എനിക്ക് കൂടുതലും ഇഷ്ടം.

പി. ആർ. സുമേരൻ