കൈപുണ്യം നിറഞ്ഞ സച്ചൂസ് കിച്ചണ്‍

Posted on: October 26, 2018

നാവില്‍ രുചിയൂറുന്ന വിഭവങ്ങള്‍ തേടിയുള്ള യാത്രകള്‍ എന്നും ആവേശജനകമാണ്. രുചിമുകുളങ്ങള്‍ വ്യത്യസ്ത തേടുമ്പോള്‍ മനസിനെ നിയന്ത്രിക്കാനാവില്ല. എന്നാല്‍ ചിരപരിചിതമായ രുചികള്‍ തേടി നാം വീണ്ടും ചിലയിടങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ട്. വീണ്ടും വീണ്ടും ചെന്നെത്താന്‍ തോന്നുന്ന ഒരു കിച്ചണ്‍ ഉണ്ട് തൃശൂരില്‍. സച്ചൂസ് കിച്ചണ്‍ ആണത്. പലതരം വിഭവങ്ങള്‍ കിച്ചണില്‍ ഉണ്ടെങ്കിലും എഗ്‌ലെസ് കേക്കിനു പെരുമകേട്ട കിച്ചണാണിത്. സരസ്വതി വിശ്വനാഥന്‍ എന്ന വീട്ടമ്മയുടെ കൈപുണ്യം നിറഞ്ഞു നില്‍ക്കുന്ന കിച്ചണിലേക്ക് …

കേക്കിന്റെ രസക്കൂട്ടിലേക്ക്

മുട്ട ചേര്‍ക്കാതെ കേക്ക്. ഇങ്ങനെയൊരു പരീക്ഷണത്തിനു സരസ്വതി വിശ്വനാഥിനെ നയിച്ചത് കേക്ക് കഴിക്കണമെന്നുള്ള കുട്ടികളുടെ ആഗ്രഹമാണ്. ബ്രാഹ്മണരായതിനാല്‍ മുട്ട കഴിക്കാന്‍ പാടില്ല. മുട്ടയില്ലാതെ എങ്ങനെ കേക്ക് ഉണ്ടാക്കുമെന്നായി ചിന്ത. ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന സരസ്വതി തൃശൂരിലേക്ക് മരുമകളായിട്ടാണ് എത്തിയത്. വലിയ കൂട്ടുകുടുംബമായതിനാലും അവിടുത്തെ ഏറ്റവും ഇളയ മരുമകളായതിനാലും പാചകത്തിന് അധികം അവസരങ്ങള്‍ കിട്ടിയിരുന്നില്ല. എന്നാല്‍ കുടുംബമായി മാറിത്താമസിച്ച ശേഷം പാചക പരീക്ഷണങ്ങള്‍ തുടങ്ങി.

മുട്ടയില്ലാതെ കേക്കുണ്ടാക്കാനായി പല പരീക്ഷണങ്ങളും ചെയ്തു നോക്കി. വിജയിച്ച റെസിപ്പികള്‍ എഴുതി വച്ചു. കേക്ക് ഉണ്ടാക്കി. കുട്ടികള്‍ക്ക് സ്‌കൂളിലും കോളജിലും കൊടുത്ത് വിടുന്ന ഭക്ഷണം കഴിച്ച് അവരുടെ കൂട്ടുകാര്‍ വളരെ നല്ല അഭിപ്രായം പറയുമായിരുന്നു. കുട്ടികളുടെ കൂട്ടുകാര്‍ വീട്ടില്‍ എത്തുമ്പോള്‍ അവര്‍ക്ക് കേക്കു ഉണ്ടാക്കികൊടുത്തു. എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു.

ഒരു ന്യൂ ഇയറിന് മൂത്ത മകന്‍ വിശാലിനും കൂട്ടുകാര്‍ക്കും കേക്ക് വേണം. ഉണ്ടാക്കികൊടുക്കാമെന്ന് സരസ്വതി പറഞ്ഞു. കേക്കിനു ഒരു വിലയിട്ടിട്ട് ആന്റി തന്നാല്‍ മതിയെന്നു കുട്ടികളും. അങ്ങനെ ആദ്യമായി കേക്കു വാങ്ങുന്നത് അവരാണ്. കുട്ടികള്‍ റെസിപ്പീസ് ഒരു ബ്ലോഗ് ഉണ്ടാക്കി അതില്‍ ഇട്ടു. എന്തുകൊണ്ട് ഇതൊരു ബിസിനസായി തുടങ്ങിക്കൂടാ എന്ന് മക്കളും കൂട്ടുകാരും ചോദിച്ചു. അങ്ങനെ ആവശ്യപ്പെടുന്നവര്‍ക്ക് കേക്ക് ഉണ്ടാക്കി നല്‍കി തുടങ്ങി. ബ്ലോഗില്‍ നല്ല അഭിപ്രായം വന്നു തുടങ്ങി. അപ്പോള്‍ ഒരു വെബ് സൈറ്റ് തുടങ്ങി.

സച്ചൂസ് കിച്ചണ്‍ എന്നു പേരിന്റെ പിന്നിലും മക്കളാണ്. സരസ്വതിയുടെ പെറ്റ് നെയിമാണ് സച്ചൂ. സച്ചൂസ് കിച്ചണ്‍ ഇന്ന് ബേക്കിംഗ് യൂണിറ്റായി രജിസ്റ്റര്‍ ചെയ്തു. വീടിന്റെ മുകളിലെ നിലയിലാണ് കേക്ക് ഉണ്ടാക്കുന്നത്. ബിടെക് ട്രിപ്പിളി പാസായ ഇളയ മകന്‍ വിവേകും ബിസിനസിലേക്ക് എത്തിയിരിക്കുന്നു. മൂത്തമകന്‍ വിശാല്‍ ബിടെകിനു ശേഷം ഉപരിപഠനത്തിന് നെതര്‍ലാന്‍ഡിലാണ്. മക്കള്‍ രണ്ടുപേരുടെയും ഭര്‍ത്താവ് വിശ്വനാഥിന്റെയും പൂര്‍ണ പിന്തുണയോടെയാണ് സച്ചു എന്ന സരസ്വതി ബിസിനസ് രംഗത്തേക്ക് ചുവടു വയ്ക്കുന്നത്.

അച്ഛന്റെ കൈപുണ്യം

 

അച്ഛന്‍ ഒരു ഭക്ഷണപ്രിയനായിരുന്നു. ഞങ്ങള്‍ പുറത്തുപോയി ഭക്ഷണം കഴിച്ചാല്‍ അന്നു തിരികെ വീട്ടിലെത്തുമ്പോള്‍ കഴിച്ച ഭക്ഷണം അച്ഛന്‍ ഉണ്ടാക്കി നോക്കുമായിരുന്നു. അച്ഛന്റേതായ ചില പൊടിക്കൈകള്‍ കൂടി ചേര്‍ത്താണ് പാചകം. അച്ഛന്‍ നാരായണും അമ്മ രുഗ്മിണിയുമാണ് പാചകത്തോടുള്ള തന്റെ ഇഷ്ടത്തിനു പിന്നില്‍ എന്നു ചെറുചിരിയോടെ സരസ്വതി പറയുന്നു. താന്‍ ഈ രംഗത്തേക്ക് വന്നതില്‍ അച്ഛനു വളരെ സന്തോഷമുണ്ട്.

ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, പ്ലം, വാനില, ചോക്കലേറ്റ് തുടങ്ങി ബേക്കറിയില്‍ കിട്ടുന്ന എല്ലാ തരം കേക്കുകളും ഉണ്ടാക്കും. ഇതിനു പുറമെ സീസണ്‍ അനുസരിച്ചുള്ള ഫ്രൂട്ട് കേക്കുകള്‍ പൈനാപ്പിള്‍ കേക്ക്, മാമ്പഴ കേക്ക്, കരിക്ക് കേക്ക്, സര്‍ബത്ത് കേക്ക്, ജിലേബി കേക്ക്, ലോട്ടസ് കേക്ക്, റെയിന്‍ബോ കേക്ക്, പാലട കേക്ക് തുടങ്ങി കേക്ക് വൈവിധ്യങ്ങള്‍ നിരവധി.

തൃശൂരില്‍ 2016 ല്‍ നടന്ന കെയ്‌ക്കോ ഫുഡ് പ്രോഡക്ടിന്റെ ഒരു മത്സരത്തില്‍ സരസ്വതി പങ്കെടുത്തു. കേക്ക് ഉണ്ടാക്കികൊണ്ടുപോകണം. ക്രിസ്മസ് കാലമായിരുന്നതുകൊണ്ട് എല്ലാവരും പറഞ്ഞു പ്ലം ഉണ്ടാക്കികൊണ്ടുപോകാന്‍. സരസ്വതി പ്ലം ഉണ്ടാക്കുമ്പോള്‍ റം ചേര്‍ക്കാറില്ല. അതുകൊണ്ട് എല്ലാവരും പറഞ്ഞു അത് വ്യത്യസ്തമാണ് എന്ന്. പക്ഷേ സരസ്വതി അന്ന് പാലട കേക്ക് ഉണ്ടാക്കികൊണ്ടുപോയി. ആദ്യമായിട്ടാണ് ആ കേക്ക് ഉണ്ടാക്കുന്നത്. ആ മത്സത്തില്‍ വിജയിയായി. ജഡ്്ജസുള്‍പ്പെടെയുള്ളവര്‍ വളരെ നല്ല അഭിപ്രായം പറഞ്ഞു.

സച്ചൂസിന്റെ കേക്കുകള്‍ക്ക് 850 മുതല്‍ 1500 വരെ വില വരും. കേക്കിന്റെ ഡിസൈന്‍, ഡെക്കറേഷന്‍ എല്ലാം നോക്കിയിട്ടാണ് വില. ബര്‍ത്ത്‌ഡേയ്ക്ക് സ്‌പെഷ്യല്‍ ഡെക്കറേഷന്‍ എല്ലാവരും ആവശ്യപ്പെടാറുണ്ട്. അടുത്ത ബന്ധുവിന്റെ കൊച്ചുമകള്‍ക്ക് ബാര്‍ബി ഡോള്‍ കേക്ക് നിര്‍മ്മിച്ചത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു.

കേക്ക് മുതല്‍ പായസം വരെ

 

ഹോംമെയിഡ് ചോക്കലേറ്റ്‌സ്, ഊണ്, പലഹാരങ്ങള്‍, സദ്യ എന്നിവയും ഉണ്ടാക്കി നല്‍കുന്നുണ്ട്. കഴിഞ്ഞ ഓണസദ്യയും വഴങ്ങും. ദിവസവും പത്തു ആളുകള്‍ എങ്കിലും ഊണും പലഹാരങ്ങളും ആവശ്യപ്പെടുന്നുണ്ട്. സച്ചൂസ് കിച്ചണിലെ പായസവും ഒന്നാംതരമെന്നാണ് ആളുകളുടെ അഭിപ്രായം. പച്ചക്കറികള്‍കൊണ്ട് പായസം ഉണ്ടാക്കി നല്‍കിയിരുന്നു. ചേന, കയ്പ്പക്ക, മുള്ളങ്കി, പര്‍പ്പിള്‍ കാബേജ്, കാപ്‌സിക്കം, മാമ്പഴ പ്രഥമന്‍ തുടങ്ങി വ്യത്യസ്തമായ പായസങ്ങള്‍ ഇവിടെ ലഭ്യമാണ്. ലോക്കല്‍ ചാനലിലെ ഓണത്തിനനുബന്ധിച്ച പ്രോഗ്രാമിനു വേണ്ടി ശംഖുപുഷ്പംകൊണ്ട് പായസം ഉണ്ടാക്കിയിരുന്നു.

കേക്ക്, ഊണ്, പലഹാരങ്ങള്‍ സച്ചൂസ് കിച്ചണില്‍ തിരക്കേറുമ്പോള്‍ എല്ലാം മാനേജ് ചെയ്യുന്നതും സരസ്വതി തനിച്ചാണ്. 100 പേര്‍ക്കുള്ള സദ്യ വരെ തനിച്ച് ഉണ്ടാക്കികൊടുത്തിട്ടുണ്ട്. മക്കള്‍ക്കും വീട്ടുകാര്‍ക്കും ഉണ്ടാക്കികൊടുക്കുന്ന പോലെ തന്നെയാണ് മറ്റുള്ളവര്‍ക്കും ഉണ്ടാക്കികൊടുക്കുന്നത്. ഭക്ഷണം കഴിച്ചിട്ട് നന്നായെന്ന് ആളുകള്‍ പറയുമ്പോള്‍ കിട്ടുന്ന മാനസിക സംതൃപ്തി പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നു മനസു നിറഞ്ഞ ചിരിയോടെ സരസ്വതി പറയുന്നു.

ആളുകള്‍ ആവശ്യപ്പെടുന്നപ്പോലെയാണ് കേക്ക് ഉള്‍പ്പെടെ എല്ലാം ഉണ്ടാക്കി നല്‍കുന്നത്. എല്ലാം വീട്ടില്‍ തന്നെ ഉണ്ടാക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ചേരുവകള്‍ ചേര്‍ക്കാറില്ല. സീസണ്‍ അനുസരിച്ചു കിട്ടുന്ന പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്കു മുന്‍തൂക്കം കൊടുക്കുന്നു. കൂര്‍ക്ക കാലമായാല്‍ കൂര്‍ക്ക അച്ചാര്‍ വരെ ഇവിടെ ലഭ്യമാണ്.

ടേക്ക് എവേ

 

ഇപ്പോള്‍ മകന്‍ കൂടി ബിസിനസിലേക്ക് വന്നതുകൊണ്ട് കൂടുതല്‍ വിപുലമായി ബിസിനസ് ചെയ്യാനുള്ള തയാറെടുപ്പിലാണ് സരസ്വതി. കേക്കിനായി ഒരു ഷോപ്പു തൃശൂരില്‍ തുടങ്ങണം. ഒരു പീസ് കേക്ക് കഴിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഷോപ്പില്‍ വന്നിരുന്ന് കഴിക്കാന്‍ സൗകര്യമൊരുക്കണം. ഒപ്പം മറ്റുള്ള ഭക്ഷണങ്ങളും ലഭിക്കുന്ന വിധത്തില്‍ ഒരു ടേക്ക് എവേ തുടങ്ങാനാണ് പ്ലാന്‍.

അജിന മോഹന്‍