വിജയത്തിളക്കവുമായി ഹേർസ് ഓൺ

Posted on: January 12, 2019

കാലത്തിനൊപ്പം സഞ്ചരിക്കുന്നവർ തങ്ങളുടെ സൗകര്യങ്ങളും ശുചിത്വവും പരിഗണിച്ചാണ് സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നത്. പല പേരുകളിൽ നിറങ്ങളിൽ ഇവ വിപണി കീഴടക്കുന്നു. എന്നാൽ ഉപയോഗശേഷമുള്ള നാപ്കിനുകളുടെ നിർമാർജനം മിക്കവർക്കും വലിയ തലവേദനയാണ്.

ഹേർസ് ഓൺ വന്ന വഴി

ഇതിനൊരു പരിഹാരവുമായാണ് തൃശൂർ സ്വദേശിനി ഡിനി സൈമൺ തന്റെ സംരഭം ആരംഭിച്ചത്. ഫാർമസിസ്റ്റായ ഡിനിക്ക് തന്റെ പുരയിടത്തിൽ സാനിറ്ററി നാപ്കിനുകൾ നശിപ്പിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. മണ്ണെണ്ണ ഉപയോഗിച്ചു കത്തിക്കുന്നത് പ്രായോഗികവുമല്ല. കാരണം ഈർപ്പം നിറഞ്ഞ കാലാവസ്ഥയിൽ അവ മുഴുവനായും കത്തിപ്പോവുകയും ഇല്ല. ഫ്‌ളഷ് ചെയ്താൽ ഡ്രെയ്‌നേജ് സിസ്റ്റം ബ്ലോക്ക് ആവുകയും ചെയ്യും. ഇതിനുള്ള പ്രതിവിധി ആയി ഭർത്താവ് സൈമെണിന്റെ സഹായത്തോടെയാണ് ഡിനി സാനിറ്ററി നാപ്കിൻ ഇൻസിനേറ്റർ എന്ന ആശയം യാഥാർത്ഥ്യമാക്കിയത്.

സാനിറ്ററി നാപ്കിനുകൾ മണ്ണിൽ അലിഞ്ഞു ചേരുന്നതിന് നിരവധി വർഷങ്ങൾ വേണ്ടി വരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അവ വലിച്ചെറിയുന്നത് വഴി വിഷമയമുള്ള ടോക്‌സിനുകൾ പുറത്തു വരികയും മാരകമായ രോഗങ്ങൾക്കു കാരണമാവുകയും ചെയ്യും. ഇതിനൊക്കെ പരിഹാരമായിട്ടാണ് ഏറെ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഹേർസ് ഓൺ വിപണിയിൽ അവതരിപ്പിച്ചത്.

ഹേർസ് ഓണിന്റെ പ്രവർത്തനം

സാനിറ്ററി നാപ്കിനുകൾ നിർമാർജനം ചെയ്യുന്നതിനെ കുറിച്ച് പലർക്കും വ്യക്തമായ ധാരണയില്ല. അതിനു തെളിവാണ് പലയിടങ്ങളിലും സാനിറ്ററി നാപ്കിനുകൾ കത്തിക്കുന്നതും ടോയ്‌ലറ്റിൽ ഫ്‌ളഷ് ചെയ്യുന്നതും.

രണ്ടു വ്യത്യസ്ത മോഡലുകൾ ഹേർസ് ഓൺ രൂപകൽപന ചെയ്തിട്ടുണ്ട്. വീടുകളിൽ ഉപയോഗിക്കുന്നതിനും (പത്തു പേർക്ക്) സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നതിനും വേണ്ടിയുള്ളവ. വീടുകളിൽ ഉപയോഗിക്കുന്നതിൽ ഒരേ സമയം രണ്ടു പാഡുകളും ദിവസത്തിൽ 20 പാഡുകൾ വരെയും ബേൺ ചെയ്യുന്നതാണ്. 750 വാട്ട് ഇലക്ട്രിസിറ്റി ഉപയോഗത്തിൽ പ്രവർത്തിക്കുന്ന മെഷീൻ 6 കിലോഗ്രാം ഭാരമുള്ളവയാണ്.

സ്‌കൂളുകളിലും ഓഫീസുകളിലും ഉപയോഗിക്കാവുന്ന തരത്തിലാണ് വലിയ മെഷീനുകളുടെ നിർമാണം. ഇവയിൽ ഒരേ സമയം 5 പാഡുകളും ദിവസത്തിൽ 50 പാഡുകൾ വരെയും ബേൺ ചെയ്യും. 15 കിലോഗ്രാം ഭാരമുള്ള മെഷീൻ പ്രവർത്തിക്കുന്നതിന് 1200 വാട്ട് വൈദ്യുതി ആവശ്യമാണ്.

ഇലക്ട്രിസിറ്റി ഉപയോഗിച്ച് പ്രവർത്തിക്കുന്ന മെഷീനിലേക്ക് പാഡ് നിക്ഷേപിച്ച്തിനു ശേഷം സ്വിച്ച് ഉപയോഗിച്ച് ബേൺ ചെയ്യാനനുവദിക്കുന്നു. ഇതുവഴി ഒരു പാഡ് കത്തി തീരാൻ 5 മിനിറ്റും അത് കത്തിയ ചാരം വെറും 2 ഗ്രാം മാത്രമാണ്.

പ്രകൃതിയോട് ഇണങ്ങി…

സാനിറ്ററി നാപ്കിനുകൾ സൃഷ്ടിക്കുന്ന വെല്ലുവിളി അവ പ്രകൃതിയോടിണങ്ങുന്നില്ല എന്നതാണ്. ജെൽ മെറ്റീരിയിലുകളും കോട്ടണുകളും ആർത്തവകാലത്തെ ഉപയോഗശേഷം സമയം കഴിയുംതോറും രോഗകാരികളായി മാറുന്നു. കത്തിക്കുന്നതു വഴി മണ്ണിനും അന്തരീക്ഷത്തിനും ഇവ ദോഷകരമായി ബാധിക്കുന്നു. ഇത്തരത്തിലുള്ള ഇൻസിനേറ്റർ സംവിധാനം ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമാണ്. പാഡുകൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണത്തെ സംബന്ധിച്ച് നോക്കുമ്പോൾ 5 ശതമാനം മാത്രമാണ് ഇൻസിനേറ്ററുകൾ വഴി ഉണ്ടാകുന്ന മലിനീകരണത്തിന്റെ തോത്.

നിർമാണവും വില്പനയും

ഇൻസിനേറ്ററിന്റെ നിർമാണവും വിപണനവും ഡിനി സൈമൺ നേരിട്ടാണ്. ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ഓർബിറ്റ് സ്റ്റീൽ കമ്പനിയിലാണ് ആദ്യമായി സാനിറ്ററി നാപ്കിൻ ഇൻസിനേറ്റർ പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ചത്. പരിക്ഷണം വിജയിച്ചതോടെ ഓർഡറുകൾ അനുസരിച്ച് നിർമിച്ച് കൊടുക്കാനും തുടങ്ങി.

സംസ്ഥാന ആരോഗ്യ വകുപ്പ് കേരള പോലീസ് അക്കാദമിയിൽ നടത്തിയ സെമിനാറിൽ ഡിനിയുടെ പുതിയ സംരംഭത്തെക്കുറിച്ച് പരാമർശിക്കുകയും കൂടുതൽ ചർച്ചകൾക്ക് അവസരമുണ്ടാക്കി കൊടുക്കുകയും ചെയ്തു. നാല് വർഷത്തെ പഠനത്തിനു ശേഷമാണ് ഇത്തരത്തിലൊരു സംരംഭം വിപണിയിലെത്തിക്കുന്നതെന്ന് ഡിനി പറയുന്നു.

ചെറിയ ഇൻസിനേറ്ററുകൾക്ക് 12,200 രൂപയും വലുതിന് 20,650 രൂപയുമാണ് വില. ഉത്പന്നം നിർമിച്ച് ഉപഭോക്താക്കൾ നിർദേശിക്കുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ച് കൊടുക്കുമെന്ന് ഡിനി പറയുന്നു.

പുതിയ ചുവടുവെയ്പ്

സാനിറ്ററി നാപ്കിനുകൾ മാത്രമേ ഇൻസിനേറ്ററിൽ ബേൺ ചെയ്യാൻ സാധിക്കൂ എന്നത് ഒരു പോരായ്മയായിട്ടാണ് ഡിനി പറയുന്നത്. കുട്ടികളും പ്രായമായവരും ഉപയോഗിക്കുന്ന ഡയപ്പറുകൾ ഇന്നും പരിസ്ഥിതിക്ക് ഭാരമാണ്. ഡയപ്പറുകൾ വലിച്ചെറിയുമ്പോൾ വെള്ളം കയറി വീണ്ടും കൂടുതൽ ബുദ്ധിമുട്ടാകുന്നു. നനവു കൂടുതലായതു കൊണ്ട് നിലവിൽ നിർമിക്കുന്ന ഇൻസിനേറ്ററുകളിൽ ഇവ ഡിസ്‌പോസ് ചെയ്യാൻ നിവർത്തിയില്ല. അതുകൊണ്ടുതെന്നെ ഡയപ്പർ കൂടെ ഉൾക്കൊള്ളിച്ച് ഉത്പന്നത്തെ വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഡിനി.

കുടുംബം

ഭർത്താവിന്റെ പിന്തുണയാണ് ഹേർസ് ഓണിന്റെ വിജയത്തിന് പിന്നിലെന്ന് ഡിനി പറയുന്നു. സ്റ്റീൽ ഫാബ്രിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്ന സൈമൺ ആണ് ഡിനിയുടെ ഭർത്താവ്. മക്കൾ ഇവാനിയ, എറിക്, എമിൽ ഇവാൻ.

അപർണ ദാസ്

TAGS: Diny Simon | Her's Own |