മിസിസ് നളന്‍സിന് : പുതിയ രുചിചരിതം

Posted on: December 17, 2018

നളപാചകത്തിനു മുന്നില്‍ ആരും കീഴടങ്ങും. ചേരുവകളുടെ മേന്മയും കൈപുണ്യവും ഒത്തുചേര്‍ന്നാല്‍ നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ റെഡി. ഭക്ഷ്യസംസ്‌കരണ രംഗത്ത് പുതിയ നളചരിതം തീര്‍ക്കുകയാണ് ഇരിങ്ങാലക്കുട എടക്കുളം പാച്ചേരില്‍ ശ്രീദേവി സുരേഷ് . നാവില്‍ രുചിമേളം തീര്‍ക്കുന്ന ഉത്പന്നങ്ങളാണ് മിസിസ് നളന്‍സ് ബ്രാന്‍ഡിലുള്ളത്. അരിപ്പൊടി, പുട്ടുപൊടി, ദോശപ്പൊടി, ഇഡ്‌ലി പൊടി, ചോളം, റവ, ചോളം പുട്ടുപൊടി, വിവിധ മസാലക്കൂട്ടുകള്‍ തുടങ്ങി വലിയൊരു നിര തന്നെയുണ്ട് മിസിസ് നളന്‍സ് ബ്രാന്‍ഡില്‍.

ലളിതമായ തുടക്കം

 

കുടുംബശ്രീയില്‍ സജീവ പ്രവര്‍ത്തകയായ ശ്രീദേവി ചെറിയ രീതിയില്‍ അച്ചാറുകളും അവലോസുപൊടിയും വിപണിയില്‍ ഇറക്കി അവതരിപ്പിച്ചാണ് തന്റെ സംരഭകയാത്ര തുടങ്ങുന്നത്. എന്നാല്‍ വിചാരിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മണ്ണുത്തി അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, കോഴിക്കോട് എന്‍ ഐ ടി തുടങ്ങി കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പലസ്ഥലങ്ങളില്‍ നിന്നും ഭക്ഷ്യസംസ്‌ക്കരണത്തില്‍ മുപ്പതിലധികം സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകള്‍ ശ്രീദേവി പൂര്‍ത്തിയാക്കി. പിന്നീട് സ്വന്തം പുരയിടത്തില്‍ തന്നെ മെഷിനറികളുമായി യൂണിറ്റ് ആരംഭിച്ചു. അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ പ്രതിവര്‍ഷം 30 ലക്ഷം രൂപക്കു മുകളില്‍ വിറ്റുവരവുള്ള സംരംഭകയാണ്.

വിജയം ലോക്കല്‍ മാര്‍ക്കറ്റിംഗിലൂടെ

 

പ്രമുഖ ബ്രാന്‍ഡുകള്‍ മത്സരിക്കുന്ന വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ ചെറിയ കടകളിലും വീടുകളിലും ശ്രീദേവി ദിവസേന പോയി വിപണിഗതി അന്വേഷിച്ചു. അതിന്റെ ഫലമാകാം ലോക്കല്‍ മാര്‍ക്കറ്റുകളാണ് മിസിസ് നളന്‍ കീഴടക്കിയിട്ടുള്ളത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് പുട്ടപൊടി വിപണി പിടിച്ചെടുത്തു. സമീപ പ്രദേശങ്ങളിലെ ചെറിയ കടകളും സൂപ്പര്‍മാര്‍ക്കറ്റുകളുമാണ് മിസിസ് നളന്റെ പ്രധാന വിപണി. വിവിധ മസാലക്കൂട്ടുകളും പുട്ടുപ്പൊടിക്കൊപ്പം വിറ്റുപോകുന്നു. കൂടാതെ പല പ്രമുഖ ബ്രാന്‍ഡുകള്‍ക്കു വേണ്ടിയും ഉത്പന്നങ്ങള്‍ ഉണ്ടാക്കി പാക്ക് ചെയ്ത് കൊടുക്കുന്നുണ്ട്. സാധനങ്ങളുമായി വിപണിയിലേക്ക് പോകുന്നത് ശ്രീദേവിയുടെ ഭര്‍ത്താവ് സുരേഷ്‌നാഥും എന്‍ജിനീയറിംഗ് ബിരുദധാരിയായ മകന്‍ ആഷിതുമാണ്.

വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മ

 

വീട്ടുജോലികളുടെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയ ശേഷമാണ് ശ്രീദേവി മിസിസ് നളന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. രാവിലെ പത്തുമണിയോടു കൂടി സ്ഥാപനത്തില്‍ എത്തും. അപ്പോഴേക്കും പൊടിക്കാനുള്ള അരിയും മറ്റുള്ളവയും കുതിര്‍ത്ത് തയാറായി കഴിഞ്ഞിരിക്കും. ഒരു ദിവസം 500 കിലോയിലധികം ധാന്യം പൊടിച്ച് പാക്ക് ചെയ്യാറുണ്ടെന്ന് ശ്രീദേവി പറഞ്ഞു. നാല് സഹായികള്‍ ഒപ്പമുണ്ട്.

ശുചിത്വത്തിലും പാക്കിംഗിലും ഏറെ ശ്രദ്ധിക്കുന്നു. ചെറിയ അശ്രദ്ധ പോലും വില്പനയെ ബാധിക്കുമെന്ന് ശ്രീദേവി ചൂണ്ടിക്കാട്ടി. ഫുഡ് ടെക്‌നോളജിയില്‍ ഉപരി പഠനം നടത്തുന്ന മകള്‍ അഞ്ജലിയുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കണക്കിലെടുത്താണ് ഓരോ നീക്കവും. മകളുടെ ഇടപെടലുകള്‍ ഉത്പന്നങ്ങളെ ശാസ്ത്രീയമായ സമീപിക്കാന്‍ സഹായകമാകുന്നുവെന്നും ശ്രീദേവി പറഞ്ഞു. ഭര്‍ത്താവ് സുരേഷ്‌നാഥിന്റെ പിന്തുണയാണ് തന്റെ വലിയ ശക്തിയെന്ന് ശ്രീദേവിയുടെ പക്ഷം.

ഭാവി മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍

 

മിസിസ് നളന്റെ ഭാവിയെ കുറിച്ച് വ്യക്തമായ കണക്കുകൂട്ടലിലാണ് ശ്രീദേവി. പുതിയ രൂപത്തിലും ഭാവത്തിലും മാത്രമല്ല, എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ആരോഗ്യപ്രദമായ ഉത്പന്നങ്ങളെക്കുറിച്ചുള്ള പണിപ്പുരയിലാണിവര്‍. റെഡി ടു കുക്ക് ഐറ്റംസ് ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്. അതുപോലെ ഒരു കുടുംബത്തിന് അവരുടെ ഇഷ്ടത്തിന്, ഓരോരുത്തര്‍ക്കും വ്യത്യസ്തമായി റെഡി ടു ഈറ്റ് ആയി പ്രഭാത ഭക്ഷണം വിപണിയിലെത്തിക്കാനാണ് അടുത്ത ശ്രമം. വീട്ടമ്മയുടെ കരുതലും ദീര്‍ഘവീക്ഷണവും ഇതിനു പിന്നിലുണ്ട്.

നവ സംരഭകരോട്…

 

സംരഭം തുടങ്ങുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചോ തടസങ്ങളെ കുറിച്ചോ ശ്രീദേവി വാചാലയാകുന്നില്ല. ഇച്ഛാശക്തിയും ആത്മവിശ്വാസവുമാണ് ഏതൊരു സംരഭകന്റെയും കൈമുതല്‍. അത് ആര്‍ജിച്ചു കഴിഞ്ഞാല്‍ ഏതു സംരഭവും വിജയത്തിലെത്തിക്കാന്‍ കഴിയുമെന്നാണ് ശ്രീദേവിക്ക് പുതിയ സംരംഭകരോട് പറയാനുള്ളത്.

അപര്‍ണ ദാസ്