ഫീനിക്‌സ് പക്ഷിയെപ്പോലെ ഇളവരശി

Posted on: December 4, 2018

ചാരത്തിൽ നിന്ന് ഉയർത്ത് എഴുന്നേറ്റ ഫീനിക്‌സ് പക്ഷിയെപ്പോലെ ഒരു സംരംഭക – തൃശൂരിലെ അശ്വതി ഹോട്ട് ചിപ്‌സ് ഉടമ ഇളവരശിയെ ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം. തന്റെ സ്വപ്‌നസംരംഭം തകർന്നടിഞ്ഞപ്പോഴും തളരാതെ പിടിച്ചുനിന്നു ഈ ധീരവനിത. പരാജയങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് രണ്ടാമൂഴത്തിൽ ഇളവരശി ശക്തമായ തിരിച്ചുവരവ് നടത്തി.

പാരമ്പര്യത്തനിമ ഒട്ടും ചോരാതെ കൊതിയൂറുന്ന മണവുമായി പലഹാരങ്ങളും അച്ചാറുകളും ഉൾപ്പടെ 60 ലേറെ ഉത്പന്നങ്ങളാണ് അശ്വതി ഹോട്ട് ചിപ്‌സിലുള്ളത്. തലമുറകളായി കൈമാറി കിട്ടിയ രുചിക്കൂട്ടുകളും കൈപുണ്യവുമാണ് തന്റെ സംരംഭത്തിനുള്ള ഇളവരശിയുടെ കൈമുതൽ.

വീട്ടിൽ തുടങ്ങിയ സംരംഭം

മധുര ഉസലാംപെട്ടിയിൽ നിന്നും 45 വർഷങ്ങൾക്കു മുൻപ് തൃശൂരിൽ വന്ന് സ്ഥിരതാമസമാക്കിയവരാണ് ഇളവരശിയുടെ കുടുംബം. പലഹാര വില്പനയായിരുന്നു കുടുംബത്തിന്റെ ഉപജീവനമാർഗം. പഠനത്തിനും വിവാഹത്തിനും ശേഷം 1998 മുതൽ ഇളവരശിയും കുടുംബത്തിന്റെ പാത പിൻതുടർന്ന് പലഹാര നിർമാണം ആരംഭിച്ചു. സ്വന്തമായ ബിസിനസ് എന്ന സ്വപനം യാഥാർത്ഥ്യമാക്കാൻ പക്കാവടയും അരിമുറുക്കുമാണ് തുടക്കത്തിൽ ഉണ്ടാക്കിയത്.

തനിയെ ഉണ്ടാക്കി വീടുകളിലും കടകളിലും കൊണ്ടുചെന്നു വില്പന നടത്തുകയായിരുന്നു. പിന്നീട് കടകളിൽ നിന്നും കൂടുതൽ ഓർഡറുകൾ കിട്ടിത്തുടങ്ങി. അതിനനുസരിച്ച് വിഭവങ്ങളുടെ എണ്ണത്തിലും വർധനവുണ്ടായി. ഇന്ന് 60 ലധികം ഉത്പന്നങ്ങളിൽ ഇളവരശിയുടെ കൈപുണ്യം നിറയുന്നു.

തളർന്നു പോയ നിമിഷങ്ങൾ

പടി പടിയായി ബിസിനസ് വളർന്നപ്പോൾ ഇളവരശി 2009 ൽ തൃശൂരിൽ ഒരു സൂപ്പർമാർക്കറ്റ് തുടങ്ങി. എന്നാൽ ആ സംരംഭത്തിന് അൽപായസായിരുന്നു. 2011 ആയപ്പോഴേക്കും സൂപ്പർമാർക്കറ്റും സംരഭകയും സാമ്പത്തികമായി വൻ തിരിച്ചടി നേരിടേണ്ടി വന്നു. തുടർച്ചയായി സ്ഥാപനത്തിൽ ഉണ്ടായ കളവുകൾ സ്ഥാപനവും അതു വരെ നേടിയ സകലതും നഷ്ടപ്പെടുത്തി. ഇളവരശി വീണ്ടും ഒരു തുടക്കക്കാരിയുടെ നെഞ്ചിടിപ്പോടെ മാറി നിൽക്കേണ്ടി വന്നു. എന്നാൽ ആ വീഴ്ച ഇളവരശിയിലെ സംരഭകയെ തളർത്തിയില്ല. മറിച്ച് പുതിയ വഴിത്തിരിവായി മാറുകയായിരുന്നു.

തിരിച്ചുവരവ്

ഒരു കോടിയിലേറെ രൂപയുടെ സ്റ്റോക്കും ലൈവ് കിച്ചൻ ബേക്കറിയുമുള്ള ഒരു സൂപ്പർമാർക്കറ്റ് കൈവിട്ടു പോയത് സാമ്പത്തികമായി മാത്രമല്ല എല്ലാ രീതിയിലും ഇളവരശിയെ തളർത്തി. പല സർക്കാർ നടപടികളും ഇനിയും പൂർത്തായിട്ടില്ല. അതു കൊണ്ട് ബാങ്കുകളിൽ നിന്നും ലോൺ ലഭിക്കാനും മറ്റു പണമിടപാടുകൾക്കും ഇപ്പോഴും ബുദ്ധിമുട്ട് നേരിടുന്നു. സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കുന്നതു വഴിയുള്ള സാമ്പത്തിക നഷ്ടം വളരെ വലുതാണ്.

ഈ തകർച്ചയിൽ നിന്നും പ്രചോദനമുൾക്കൊണ്ട് 2012 ദിവാൻജിമൂലയിലെ അശ്വതി ഹോട്ട് ചിപ്‌സിന് തുടക്കം കുറിച്ചു. തന്റെ പതനത്തിൽ നിന്ന് കിട്ടിയ ഊർജം കൊണ്ടാകാം പിന്നീട് ഇളവരശിയെ തളർത്താൻ ഒന്നിനും കഴിയാതിരുന്നത്.

വിജയത്തിന്റെ ടിപ്‌സുകൾ

ഓരോയിടത്തും ഇളവരശിയുടെ നോട്ടവും ശ്രദ്ധയും എത്തുന്നിടത്താണ് രുചിയുടെ രഹസ്യം ഒളിഞ്ഞിരിക്കുന്നത്. തികച്ചും പ്രകൃതിദത്തമായ വിഭവങ്ങളിലും ശുദ്ധമായ എണ്ണയിലുമാണ് ഇവയുടെ നിർമാണം. ഷോപ്പുകളിൽ തൽസമയമുള്ള നിർമാണവും വില്പനയും ഉപഭോക്താക്കളുടെ വിശ്വാസ്യതയെ സ്വാധീനിക്കുന്നുവെന്ന് ഇളവരശി അഭിപ്രായപ്പെടുന്നു.

ഭക്ഷ്യവസ്തുക്കളുടെ പുതുമ ഒട്ടും ചോരാതെ ആകർഷകമായ പാക്കിംഗിലും ഇളവരശി ഏറെ ശ്രദ്ധിക്കുന്നു. ഓരോ ഉത്പന്നവും ഗുണമേന്മ ഉറപ്പു വരുത്തിയിട്ട് മാത്രമാണ് വില്പന. നമ്മുടെ മക്കൾക്ക് നാം എന്ത് കഴിക്കാൻ കൊടുക്കുന്നുവോ അതേ സാധനങ്ങൾ തന്നെ കസ്റ്റമർക്കും നൽകണമെന്നാണ് ഇളവരശിയുടെ പോളിസി.

ഇളവരശി സ്‌പെഷ്യൽ..

ഭക്ഷണം എങ്ങനെ കേടുകൂടാതെ സൂക്ഷിക്കണമെന്നത് തമിഴ്‌നാടിന്റെ പാചകരഹസ്യങ്ങളിൽ പ്രധാനമാണ്. ഈ അലിഖിത നിയമത്തിന്റെ പിൻബലത്തിൽ അടുത്തയിടെ ഇളവരശി സ്‌പെഷ്യൽ പിക്കിൾസ് അവതരിപ്പിച്ചു.

യാതൊരു വിധ പ്രിസർവേറ്റീവുകളും കളറുകളും ചേർക്കാതെ തനിനാടൻ ടെക്‌നിക്കുകളാണ് അച്ചാറുകൾക്കു പിന്നിൽ. കൂർക്ക, പച്ചത്തൈരും പച്ചക്കുരുമുളകും , ചക്കക്കുരു, ചക്ക, പാവക്ക, നെല്ലിക്ക, വെള്ളരിക്ക, വാഴക്കല്ല്, വാഴപിണ്ടി തുടങ്ങി 18 തരം അച്ചാറുകളാണ് ഇളവരശിയുടെ ലിസ്റ്റിൽ. ഇവയെല്ലാം ജനപ്രിയവുമാണ്. സ്ഥിരമായി വാങ്ങുന്നവരുമുണ്ട്. ഇതിൽ പച്ചത്തൈരും പച്ചക്കുരുമുളകുമാണ് സൂപ്പർഹിറ്റ്.

നാളെയെക്കുറിച്ച്

ബിസിനസ് മാഗ്നറ്റ് ഓഫ് ദ് വേൾഡ് എന്ന് അവാർഡ് സ്വന്തമാക്കുന്നതാണ് ഇളവരശിയുടെ പ്രധാന ലക്ഷ്യം. അശ്വതി ഹോട്ട് ചിപ്‌സിന്റെ എല്ലാ ഉത്പന്നങ്ങളും വിദേശ വിപണി കീഴടക്കണമെന്ന തീരുമാനത്തോടെയാണ് അടുത്ത ചുവടുവെയ്പ്പ്.  

സ്ഥിര നിക്ഷേപങ്ങൾ ഒന്നുമില്ലാതെ തുടങ്ങിയ ബിസിനസ് വിപണിയിൽ മെച്ചപ്പെട്ട പ്രതികരണം ലഭിച്ചു തുടങ്ങിയപ്പോഴാണ് മെഷിനറിയിൽ നിക്ഷേപം നടത്തിയത്. ഇപ്പോൾ 35 ലക്ഷത്തിലധികം രൂപയുടെ മെഷിനറി സ്വന്തമായുണ്ട്.  ഇതോടൊപ്പം 25 പേർക്ക് ഇളവരശി തൊഴിൽ നൽകുന്നു.

കൂട്ടായി കുടുംബം

പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിഞ്ഞത് തന്റെ കുടുംബത്തിന്റെ പിന്തുണ ഒന്നു കൊണ്ടു മാത്രമാണെന്നു ഇളവരശി പറയുന്നു. ഭർത്താവ് ജയകാന്തും മക്കളായ ഹൃദുലും അശ്വിനും ഒപ്പം നിന്നു. ബിസിനസ് തിരക്കുകൾക്കിടയിലും ഇളവരശി പുതിയ വിഭവങ്ങളെ കുറിച്ച് പഠിക്കുകയും ബിസിനസ് മാനേജ്‌മെന്റിൽ പരിശീലനം നേടുകയും ചെയ്യുന്നുണ്ട്.

മനസ് സംരംഭകർക്കൊപ്പം

പുതിയ സംരംഭകർക്കു എല്ലാ സഹായം നൽകാനും ഇളവരശി തയാറാണ്. പ്രതിസന്ധികളിൽ പകച്ചു നിൽക്കാതെ അവയെ ചവിട്ടുപടിയാക്കാനാണ് ഇളവരശി  പുത്തൻ സംരംഭകരോട് പറയുന്നത്. സ്വന്തം സംരംഭത്തിന് പുറമേ ഇളവരശി ബേക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയ ഉത്തരവാദിത്തങ്ങളും വഹിക്കുന്നു.

 

അപർണ ദാസ്