ഗ്രീന്‍പീസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

Posted on: October 12, 2018

ന്യൂഡല്‍ഹി : പരിസ്ഥിതി പ്രവര്‍ത്തനം നടത്തുന്ന സന്നദ്ധസംഘടനായ ഗ്രീന്‍പീസിന്റെ 14 ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) മരവിപ്പിച്ചു. ചട്ടലംഘനം നടത്തി വിദേശത്തു നിന്ന് കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി.

ഗ്രീന്‍പീസ് ഇന്ത്യ സൊസൈറ്റിയുടെ (ചെന്നൈ) വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ( എഫ് സി ആര്‍ എ) രജിസ്‌ട്രേഷന്‍ രണ്ടു വര്‍ഷം മുമ്പ് കേന്ദ്ര ആഭ്യന്ത മന്ത്രാലയം റദ്ദാക്കിയിരുന്നു. എന്നാല്‍ ഇതിനു ശേഷം ഡയറക്ട് ഡയലോഗ് ഇനീഷ്യേറ്റീവ്‌സ് ഇന്ത്യ ലിമിറ്റഡ് (ഡി ഡി ഐ ഐ പി എല്‍) എന്ന കമ്പനിയുമായി ചേര്‍ന്ന് ഗ്രീന്‍പീസ് വീണ്ടും പണം കൈപ്പറ്റിത്തുടങ്ങി.

പുതിയ കൂട്ടുകെട്ടിനെ തുടര്‍ന്ന് ഗ്രീന്‍പീസ് നെതര്‍ലാന്‍ഡില്‍ നിന്ന് 15.99 കോടി രൂപ കൈപ്പറ്റി. മറ്റൊരിക്കല്‍ ഡി ഡി ഐ ഐ പി എല്‍ 29 കോടി രൂപയും കൈപ്പറ്റി. അക്കൗണ്ട് മരവിപ്പിച്ചപ്പോള്‍ ഗ്രീന്‍പീസിന്റെ അക്കൗണ്ടില്‍ 11.61 കോടി രൂപയുണ്ടായിരുന്നു.