ഇന്‍ഫോപാര്‍ക്ക് കമ്പനിയായ തിങ്ക്പാം ടെക്നോളജീസിന് അന്താരാഷ്ട്ര അംഗീകാരം

Posted on: August 31, 2018

കൊച്ചി : ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക്പാം ടെക്നോളജീസിനെ മികച്ച തൊഴില്‍ അന്തരീക്ഷമുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച 50 കമ്പനികളിലൊന്നായി തിരഞ്ഞെടുത്തു. ഗ്രേറ്റ് പ്ലേയ്‌സ് ടു വര്‍ക്ക് ഇന്‍സ്റ്റിട്യൂട്ട് [ G P T W ] എന്ന ആഗോള സംഘടനയാണ് ഇടത്തരം കമ്പനികളുടെ വിഭാഗത്തില്‍ 2018 ലെ അംഗീകാരങ്ങള്‍ പുറത്തു വിട്ടത്. ഇതില്‍ മുപ്പത്തൊമ്പതാമത്തെ സ്ഥാനത്താണ് തിങ്ക്പാം ടെക്നോളജീസ്. ജി പി ടി ഡബ്ലിയു പ്രതിനിധികള്‍ ഇന്‍ഫോപാര്‍ക്കില്‍ നേരിട്ടെത്തിയാണ് അംഗീകാര സര്‍ട്ടിഫിക്കറ്റ് ഔദ്യോഗികമായി കൈമാറിയത്.

58 രാജ്യങ്ങളിലായി 10,000 ത്തോളം കമ്പനികളുടെ തൊഴില്‍ സ്ഥലങ്ങള്‍ വിലയിരുത്തി ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരങ്ങള്‍ നല്‍കിവരുന്ന ഗ്രേറ്റ് പ്ലേയ്‌സ് ടു വര്‍ക്ക് (G P T W) ഇന്ത്യയില്‍ 700 സ്ഥാപനങ്ങളില്‍ നടത്തിയ പഠനത്തിന് ശേഷമാണ് മികച്ച 50 കമ്പനികളെ പ്രഖ്യാപിച്ചത്.

ജീവനക്കാരുടെ കൂട്ടായ ശ്രമമാണ് തിങ്ക്പാം ടെക്‌നോളജീസിനെ മികച്ച തൊഴില്‍ സ്ഥലമായി രൂപപ്പെടുത്തിയിട്ടുള്ളതെന്നും എല്ലാ ജീവനക്കാര്‍ക്കുമായി ഈ അംഗീകാരം സമര്‍പ്പിക്കുന്നതായും കമ്പനിയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മനോജ് കെ.പി. പറഞ്ഞു.

സന്തോഷമുള്ള ജീവനക്കാരാണ് കൂടുതല്‍ ക്രിയാത്മകവും, തൊഴില്‍ പരമായ മിടുക്കും കാണിക്കുന്നതെന്നും അവരാണ് ഏതൊരു സ്ഥാപനത്തിന്റെയും ബ്രാന്‍ഡ് അംബാസിഡര്‍മാരായി കമ്പനിയെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ സമൂഹത്തില്‍ രൂപപെടുത്തുന്നതെന്നും തിങ്ക്പാം ടെക്‌നോളജീസിന്റെ ഹ്യൂമണ്‍ റിസോഴ്‌സ് വിഭാഗം മേധാവി സംഗീത. എസ് പറഞ്ഞു.

കേരളത്തിലെ ഐ.ടി പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന മറ്റു കമ്പനികള്‍ക്ക് കൂടി മാതൃകയാവുകയും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുകയും ചെയ്യുന്നതിന് തിങ്ക്പാം ടെക്നോളജിസിന് കിട്ടിയ അംഗീകാരം പ്രേരണയാകുമെന്ന് ഇന്‍ഫോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഋഷികേശ് നായര്‍ പറഞ്ഞു.