തമിഴകത്തിന്റെ ഒരേ ഒരു കലൈഞ്ജർ

Posted on: August 7, 2018

തമിഴ്ജനതയുടെ ഹൃദയംകവർന്ന കലൈഞ്ജർ ഇനി കണ്ണീരോർമ്മ. കഴി്ഞ്ഞ ആറ് പതിറ്റാണ്ടിലേറെ തമിഴ് രാഷ്ട്രീയത്തിൽ നിറഞ്ഞ കരുണാനിധി ആരാധകരെ കണ്ണീരിലാഴ്ത്തിയാണ് വിടപറഞ്ഞത്. ദ്രാവിഡ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യ പദവി കരുണാനിധിക്ക് അവകാശപ്പെട്ടതാണ്. കരുണാനിധിയുടെ ചാണക്യതന്ത്രങ്ങൾ ദേശീയ രാഷ്ട്രീയത്തിലും ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്,

ഇരുപതാം വയസിൽ സിനിമയിലെ തിരക്കഥാകൃത്തായാണ് മുത്തുവേൽ കരുണാനിധി തന്റെ ജീവിതം ആരംഭിക്കുന്നത്. ജൂപ്പിറ്റർ പിക്‌ചേഴ്‌സിന്റെ രാജകുമാരി എന്ന സിനിമയ്ക്ക് വേണ്ടി ആദ്യ തിരക്കഥ എഴുതി. പിന്നീട് കണ്ണമ്മ, മണ്ണിൻ മൈന്തൻ, പരാശക്തി, പുതിയ പരാശക്തി, മന്ത്രികുമാരി, പാസ പറൈവകൾ, പൂംപുഹാർ തുടങ്ങിയ നിരവധി ചിത്രങ്ങൾ കലൈഞ്ജറുടെ തൂലികയിൽ പിറന്നു.

നാഗപ്പട്ടണത്തെ തിരുക്കുവല്ലെയ് ഗ്രാമത്തിൽ മുത്തുവേലിന്റെയും അഞ്ചുഗത്തിന്റെയും മകനായി 1924 ജൂൺ 23 ന് ആണ് കരുണാനിധിയുടെ ജനനം. ദക്ഷിണാമൂർത്തിയെന്നായിരുന്നു ബാല്യത്തിലെ പേര്. രാഷ് ട്രീയത്തിന് അപ്പുറം, സാഹിത്യത്തിലും നാടകത്തിലും സിനിമയിലും തത്പരനായിരുന്ന കരുണാനിധി.

തമിഴ് മാനവ മൺറം എന്ന പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവേശം. കുളിത്തലൈ മണ്ഡലത്തിൽ നിന്നും 1957 ൽ 33 ാമത്തെ വയസിലാണ് കരുണാനിധി തമിഴ്‌നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1961 ൽ പാർട്ടി ട്രഷററായി. 1962 ൽ പ്രതിപക്ഷ ഉപനേതാവ് ആയി. 1967 ൽ പൊതുമാരാമത്ത് വകുപ്പ് മന്ത്രി. സി.എൻ. അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്ന് 1969 ൽ ഡിഎംകെയുടെ അധ്യക്ഷനായി.

1969-71, 1971-1974, 1989-1991, 1996-2001, 2006-2011 എന്നീ വർഷങ്ങളിലായി അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി. പൊതുതെരഞ്ഞെടുപ്പിൽ ഒരിക്കലും പരാജയപ്പെടാത്ത ജനപ്രതിനിധിയായിരുന്നു അദേഹം. 1972 ൽ എംജിആറുമായി തെറ്റിപ്പിരിഞ്ഞു.

കുറളോവിയം, നെഞ്ചുക്ക് നീതി, തെൽപാപ്പിയ ഉരൈ, സംഗ തമിഴ്, റോമാപുരി പാണ്ഡ്യൻ, തെൻപാണ്ടി സിങ്കം, വെള്ളിക്കിഴമൈ, ഇനിയവൈ ഇരുപത്, തുടങ്ങി നൂറിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.

മൂന്ന് വിവാഹങ്ങളായി ആറ് മക്കളാണ് കരുണാനിധിക്കുള്ളത്. പദ്മാവതിയാണ് ആദ്യ ഭാര്യ. മുത്തുവാണ് ആദ്യ വിവാഹത്തിലെ പുത്രൻ. ദയാലു അമ്മാളുമായിട്ടാണ് രണ്ടാമത്തെ വിവാഹം. ഈ ദാമ്പത്യത്തിൽ നാല് മക്കൾ – എം.കെ. അഴഗിരി, എം.കെ. സ്റ്റാലിൻ, തമിഴ്അരശ്, സെൽവി. മൂന്നാമത്തെ ഭാര്യയായ രാജാത്തി അമ്മാളുടെ പുത്രിയാണ് പാർലമെന്റ് അംഗമായ കനിമൊഴി.

അറിവുനിധി, ദുരൈ ദയാനിധി, കായൽവിഴി, ഉദയനിധി, സെന്താമരൈ എന്നിവരാണ് കൊച്ചുമക്കൾ.

TAGS: DMK | Kalaignar | Karunanidhi |