റെഡ്‌റിക്ഷ റെവല്യൂഷൻ

Posted on: December 19, 2014

Vodafone-Red-Rickshaw-Big

സാധാരണ സ്ത്രീകളുടെ അസാധാരണ നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വോഡഫോൺ ആവിഷ്‌കരിച്ച റെഡ് റിക്ഷ റെവല്യൂഷൻ പര്യടനം പൂർത്തിയാക്കി. രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിലാണ് റെഡ് റിക്ഷ പര്യടനം സംഘടിപ്പിച്ചത്. നവംബർ 28 ന് മഹാരാഷ്ട്രയിലെ ഔറംഗാബാദിൽനിന്നു തുടങ്ങിയ യാത്ര രാജസ്ഥാൻ, ഗുജറാത്ത്, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങൾ പിന്നിട്ട് പശ്ചിമബംഗാളിൽ പര്യടനം സമാപിച്ചു.

സാമൂഹിക പുരോഗതിക്കുവേണ്ടി പ്രവർത്തിക്കുന്ന രാജ്യത്തെ സ്ത്രീകളെ കണ്ടെത്തുന്നതിനും അവരുടെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് വോഡഫോൺ ഫൗണ്ടേഷൻ റെഡ് റിക്ഷ റെവല്യൂഷൻ ആവിഷ്‌കരിച്ചത്. റെഡ്‌റിക്ഷയുടെ രണ്ടാം പതിപ്പായിരുന്നു ഇത്തവണ. ഏഴു സംസ്ഥാനങ്ങളിലെ 20 ഗ്രാമീണ സ്ത്രീകളെയാണ് ഇത്തവണ വോഡഫോൺ ആദരിച്ചത്. ഭരണപരവും കാർഷികവുമായ മേഖലകളിൽ മികച്ച നേട്ടം കൈവരിച്ചവരായിരുന്നു ഇവർ.

സ്ത്രീശാക്തീകരണത്തിനും പ്രോത്സാഹനത്തിനും പിന്തുണയ്ക്കുമൊപ്പം ഡിജിറ്റൽ സാക്ഷരതയിൽകൂടി ഊന്നിയുള്ളതായിരുന്നു ഇത്തവണ റെഡ് റിക്ഷ റെവല്യൂഷൻ (ആർആർആർ-2). സ്ത്രീകളെ ശാക്തീകരിക്കുക വഴി സാമൂഹിക പുരോഗതിയിൽ നിർണായക ചുവടുവയ്പ്പാണ് വോഡഫോൺ ലക്ഷ്യം വയ്ക്കുന്നതെന്ന് കമ്പനിയുടെ എക്‌സ്റ്റേണൽ അഫയേഴ്‌സ് ഡയറക്ടർ രോഹിത് ആദ്യ പറഞ്ഞു.

റെഡ്‌റിക്ഷ സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം വോഡഫോൺ ഡിജിറ്റൽ കമ്യൂണിറ്റി ഇൻഫർമേഷൻ റിസോഴ്‌സസ് സെന്ററുകൾ സ്ഥാപിക്കുകയും ചെയ്തു. ഇന്റർനെറ്റ് കണക്ഷനുള്ള അഞ്ച് അത്യാധുനിക ആൻഡ്രോയിഡ് ടാബ്‌ലറ്റുകളും പ്രിന്ററും ഇവിടങ്ങളിൽ ഒരുക്കി. സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചും ആനുകൂല്യങ്ങളെപ്പറ്റിയും ഇവിടെ നിന്നറിയാം. കൂടാതെ, സ്ത്രീകൾക്ക് കംപ്യൂട്ടർ വിദ്യാഭ്യാസവും പരിശീലനവും നൽകുന്നതിനൊപ്പം കാർഷികവും ഭരണപരവുമായ വിവരങ്ങളും ഇവിടെനിന്നു ലഭ്യമാക്കുന്നുണ്ട്.