പ്രളയബാധിതരായ വിദ്യാര്‍ഥികള്‍ക്ക് കെ എം എയുടെ സ്‌കോളര്‍ഷിപ്പ്

Posted on: December 8, 2018

കൊച്ചി : സംസ്ഥാനത്തെ പ്രളയ ബാധിതരായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ (കെ എം എ) ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു.

ഫീസും മറ്റ് വിദ്യാഭ്യാസ ആവശ്യങ്ങളും നിറവേറ്റാന്‍ ധനസഹായം നല്‍കുക എന്നതാണ് ലക്ഷ്യം. പ്രളയത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകളിലെ യോഗ്യതയുള്ളവരും അര്‍ഹരുമായ വിദ്യാര്‍ത്ഥികള്‍ക്ക് സഹായം നല്‍കാന്‍ കെ എം എ തയ്യാറാക്കിയ പദ്ധതി പ്ലസ്ടു കഴിഞ്ഞവരെ ഉദ്ദേശിച്ചുള്ളതാണ്.

ഉന്നത വിദ്യാഭ്യാസത്തിനു പോകാന്‍ ആഗ്രഹിക്കുന്ന ഹയര്‍ സെക്കന്ററി പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനത്തിലേറെ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. കോഴ്‌സിനു ചേര്‍ന്നതോ അഡ്മിഷന്‍ ലഭിച്ചതോ ആയ വിദ്യാര്‍ഥിതാന്‍ പ്രളയബാധിത പ്രദേശത്തു നിന്നുള്ളതാണെന്നും തെളിയിക്കുന്ന രേഖകള്‍ വില്ലേജ് ഓഫീസില്‍ നിന്നോ പഠിക്കുന്ന സ്ഥാപനത്തിന്റെ പ്രിന്‍സ്സിപ്പലില്‍ നിന്നോ ഹാജരാക്കണം.

കെ എം എ യുടെ സി എസ് ആര്‍ സബ് കമ്മിറ്റി തെളിവുകള്‍ പരിശോധിച്ച് അര്‍ഹരായ വിദ്യാര്‍ഥികളെ കണ്ടെത്തി തീരുമാനിച്ച് ധനസഹായം നല്‍കും. സംസ്ഥാനത്തെ എല്ലാ പ്രൊഫഷണല്‍ കോളജുകളിലും ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിയെപ്പറ്റി അറിയിപ്പ് നല്‍കി ബോധവത്കരണം നടത്തും.

അപേക്ഷാ ഫോമുകള്‍ കെ എം എയുടെ വെബ്‌സൈറ്റായ www.kma.org.in – ല്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാം. കൊച്ചി പനമ്പിള്ളി നഗറിലെ കെ എം എ ഓഫീസിലും ഫോമുകള്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക് : 0484 – 2317917, 2317966.

TAGS: KMA |