ആസ്റ്റര്‍ ഹോംസിലെ ആദ്യ വീടിന് കല്ലിട്ടു

Posted on: November 12, 2018

കൊച്ചി : ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ പ്രളയാനന്തര കേരളത്തിന്റ പുനര്‍നിര്‍മ്മാണത്തിനായി ആസ്റ്റര്‍ ഹോംസ് എന്ന പേരില്‍  പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്കുകയും തകര്‍ന്ന വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കുകയും ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. എറണാകുളം ചേരാനല്ലൂര്‍ കുറുംകോട്ട ദ്വീപിലെ ബിജുവിന് നിര്‍മ്മിച്ചു നല്കുന്ന വീടിന്റെ ശിലാസ്ഥാപനം ചലച്ചിത്രതാരം നിവിന്‍ പോളി നിര്‍വ്വഹിച്ചു. ഹൈബി ഈഡന്‍ എംഎല്‍എ, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ക്ലിനിക്സ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. ഹരീഷ് പിള്ള തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രകൃതിദുരന്തത്തിനുശേഷം കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ കോര്‍പ്പറേറ്റുകള്‍ മുന്നോട്ടു വരുന്നതില്‍ സന്തോഷമുണ്ടെന്ന് എം എല്‍ എ ഹൈബി ഈഡന്‍ പറഞ്ഞു. ആദ്യ ഗഡുവായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍  വകയിരുത്തിയ രണ്ടരകോടി രൂപ സ്ഥാപകചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു. ബാക്കി തുകയായ പന്ത്രണ്ടര കോടിരൂപയ്ക്ക് പുതിയ വീടുകള്‍ നിര്‍മ്മിച്ചുനല്കുന്നതിനും പ്രളയത്തില്‍ നശിച്ചുപോയ വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനുമായി ലഭ്യമാക്കും.

വീടുകള്‍ നശിച്ചുപോയെങ്കിലും സ്വന്തമായി സ്ഥലമുള്ളവര്‍ക്കാണ് ആസ്റ്റര്‍ ഹോംസ് പദ്ധതിയില്‍ വീടുകള്‍ നിര്‍മ്മിക്കുക. ഒരു കൂട്ടം ആളുകള്‍ക്കായി ക്ലസ്റ്റര്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിനും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചവര്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പദ്ധതിയുണ്ട്. പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും ആഘാതം ഏറ്റുവാങ്ങേണ്ടി വന്ന ആസ്റ്റര്‍ ഗ്രൂപ്പിലെ ജീവനക്കാര്‍ക്ക് സഹായം എത്തിക്കുന്നതിനും ലക്ഷ്യമിടുന്നു.