ദുരിതാശ്വാസനിധിയിലേക്ക് എല്‍ ഐ സി ഏഴുകോടി നല്‍കി

Posted on: October 16, 2018

തിരുവനന്തപുരം : ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഏഴു കോടി രൂപ നല്‍കി. ജീവനക്കാരില്‍ നിന്നും ഏജന്റുമാരില്‍ നിന്നും സമാഹരിച്ച തുകയാണ് എല്‍ ഐ സി ചെയര്‍മാന്‍ വി.കെ ശര്‍മ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയത്. ഐ ആര്‍ ഡി യുടെയും എല്‍ ഐ സിയുടെയും മുന്‍ ചെയര്‍മാനായ ടി എസ് വിജയന്‍, എല്‍ ഐ സി എം.ഡി ബി. വേണുഗോപാല്‍, സോണല്‍ മാനേജര്‍ ആര്‍. ദാമോദരന്‍, എസ്. ഡി. എം ശാന്താ വര്‍ക്കി, മാര്‍ക്കറ്റിംഗ് മാനേജര്‍ എസ്. സുഭാഷ്, മാനേജര്‍ (സെയില്‍സ്) റോയ് മര്‍ക്കോസ് എന്നിവര്‍ സംസാരിച്ചു.

കേരളത്തിന്റെ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഏതു രീതിയിലുള്ള സഹായം നല്‍കാനും തയ്യാറാണെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ വി.കെ ശര്‍മ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രളയവുമായി ബന്ധപ്പെട്ട് 439 പേര്‍ മരിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്കു നല്‍കിയത്. ഇതില്‍ 56 പേര്‍ക്കായി 79 ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുണ്ടായിരുന്നു. 40 പോളിസികള്‍ സറണ്ടര്‍ ചെയ്യുകയോ മെച്വര്‍ ആവുകയോ ലാപ്‌സാവുകയോ ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പോളിസികളില്‍ 26 എണ്ണം തീര്‍പ്പാക്കിക്കഴിഞ്ഞു. 51.20 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു.

പ്രളയവുമായി ബന്ധപ്പെട്ട് മൊത്തം ഒന്നരക്കോടി രൂപയുടെ ക്ലെയിമുകളാണുള്ളത്. പ്രീമിയം അടയ്ക്കുന്നതില്‍ കാലതാമസം വരുത്തിയവര്‍ക്ക് 60 ദിവസത്തെ ഇളവു നല്‍കിയതിലൂടെ 9700 പോളിസി ഉടമകള്‍ക്കായി 870299 രൂപയുടെ ഇളവ് അനുവദിച്ചുവെന്നും ശര്‍മ പറഞ്ഞു. സംസ്ഥാനത്താകെ ഒരു കോടി പോളിസിയാണ് എല്‍.ഐ.സി ക്കുള്ളത്.

TAGS: LIC |