സിഎബികെ 10 ലക്ഷത്തിന്റെ ഗ്രാന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

Posted on: October 4, 2018

തിരുവനന്തപുരം : ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദ് ബ്ലൈന്‍ഡ് ഇന്‍ കേരളയ്ക്കു (സിഎ ബി കെ) സര്‍ക്കാര്‍ നല്‍കിവരുന്ന പത്ത് ലക്ഷം രൂപയുടെ ഗ്രാന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിക്ഷേപിക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ധനകാര്യമന്ത്രിയെ അറിയിച്ചു.

ഇക്കൊല്ലത്തെ വാര്‍ഷിക ഗ്രാന്റായ 10 ലക്ഷം രൂപ അവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നീക്കിവെയ്ക്കാന്‍ തീരുമാനിച്ചവിവരം തോമസ് ഐസക്ക് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാറിന്റെ സഹായം വലിയ മുതല്‍ കൂട്ടായിരുന്നു. എന്നാല്‍ പ്രളയത്തില്‍ നിന്നും കേരള ജനതയെ കൈപിടിച്ചുയര്‍ത്താന്‍ നടത്തുന്ന യജ്ഞത്തില്‍ തങ്ങളും പങ്കാളികളാകുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും കത്തില്‍ പറയുന്നുണ്ട്. 2016-17 ബജറ്റു മുതല്‍ ഈ സര്‍ക്കാരാണ് ഈ സംഘത്തിന് വാര്‍ഷിക ഗ്രാന്റ് നല്‍കാന്‍ തീരുമാനിച്ചത്.

പ്രളയം കടപുഴക്കിയതെല്ലാം നാം തിരിച്ചുപിടിക്കുക തന്നെ ചെയ്യുമെന്ന ദൃഢനിശ്ചയം ഒരു പൊതുവികാരമായി മാറിക്കഴിഞ്ഞു. അക്കാര്യത്തിലും നാം ലോകത്തിനൊരു വിസ്മയമാവുകയാണ്. മറ്റു പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തി തങ്ങള്‍ക്കു ലഭിച്ച ധനസഹായമൊന്നാകെ സംഘടന ദുരിതാശ്വാസത്തിനും പുനര്‍നിര്‍മ്മാണത്തിനുമായി നീക്കിവെയ്ക്കാന്‍ സി എ ബി കെയെപ്പോലൊരു സംഘടന തയ്യാറാകുന്നതിന്റെ മാനം വളരെ വലുതാണെന്നും തോമസ് ഐസക്ക് പറഞ്ഞു.

സി.എ.ബി.കെയുടെ കീഴില്‍ കളിക്കുന്ന ഏതാനും കളിക്കാരുടെ വീടുകളും പ്രളയത്തിപ്പെട്ട് നശിച്ചിട്ടുണ്ട്. ഇവരുടെ കുടുംബങ്ങളുടെ പുനരധിവാസത്തിനായുള്ള സഹായം നല്‍കുന്നതിനായി സി.എ.ബി.കെയും പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നു സീനിയര്‍ വൈസ് പ്രസിഡന്റ് രജനീഷ് ഹെന്‍ട്രി പറഞ്ഞു.

TAGS: CABK |