ഇന്ത്യൻ മോട്ടോർസൈക്കിൾ ഗോൾഡൻ ക്വാഡ്രിലാറ്ററൽ റൈഡ് തുടങ്ങി

Posted on: September 22, 2018

കൊച്ചി : ഇന്ത്യൻ മോട്ടോർസൈക്കിൾ ദേശീയ തലത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന ഗോൾഡൻ ക്വാഡ്രിലാറ്ററൽ റൈഡ് കുണ്ടന്നൂരിൽ രേഖ ബർണാഡ് ഫ്‌ളാഗ് ഓഫ് ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആരോഗ്യകരമായ റോഡ് സംസ്‌കാരം വളർത്തുന്നതിനുമായി ഇന്ത്യൻ മോട്ടോർസൈക്കിൾ എല്ലാ വർഷവും സംഘടിപ്പിച്ചു വരുന്ന വീൽസ് ഓഫ് ചെയ്ഞ്ച് എന്ന പദ്ധതിയുടെ ഭാഗമായാണ് റൈഡ് സംഘടിപ്പിക്കുന്നത്.

എറണാകുളം ജില്ലയിലെ ഏറ്റവും അധികം പ്രളയം ബാധിച്ച വരാപ്പുഴ സെന്റ്. ജോസഫ് സ്‌കൂളിലെ എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുള്ള മുന്നൂറോളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിനും കൂടിയാണ് ഈ വർഷത്തെ റൈഡ് ലക്ഷ്യമിടുന്നത്. റോഡ്മാസ്റ്റർ ബൈക്കിന്റെ ഉടമയും ഇന്ത്യൻ മോട്ടോർസൈക്കിൾ ചീഫുമായ ബർണാഡ് ലാസറിന്റെ നേത്യത്വത്തിൽ 40 ൽ പരം ബൈക്കുകളാണ് കൊച്ചിയിൽ സംഘടിപ്പിച്ച റൈഡിൽ പങ്കെടുത്തത്. ഇന്നലെ കുണ്ടന്നൂരിൽ നിന്നും ആരംഭിച്ച റൈഡ് 40 ദിവസം കൊണ്ട് 14000 കിലോമീറ്റർ താണ്ടി ഡൽഹിയിൽ സമാപിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 15 ഓളം സ്‌കൂളുകളിൽ സംഘം സഹായമെത്തിക്കും. ഫർണിച്ചറുകൾ, സ്റ്റേഷനറി, ബാഗ്, നോട്ട്ബുക്ക്, ജ്യോമെട്രി ബോക്‌സ് തുടങ്ങിയവയാണ് നൽകുന്നത്.

ഇന്ത്യൻ മോട്ടോർസൈക്കിൾസിന്റെ കേരളത്തിലെ അംഗീകൃത ഡിലറായ ഇവിഎം ഗ്രൂപ്പ്, ഇന്ത്യൻ മോട്ടോർസൈക്കിൾ ജനറൽ മാനേജർ പ്രശാന്ത് പദ്മനാഭൻ, റൈഡേഴ്‌സ് ഗ്രൂപ്പ് കേരള പ്രസിഡന്റ് ഡി ജെ സാവിയോ എന്നിവർ റൈഡിന് നേതൃത്വം നൽകി. എല്ലാ ബ്രാൻഡിലുള്ള ബൈക്കുകൾക്കും ഭാഗമാകാൻ കഴിയുന്നു എന്നതാണ് ഇന്ത്യൻ മോട്ടോർസൈക്കിൾ റൈഡിന്റെ പ്രത്യേകത.