പൊതിച്ചോറിൽ നിന്ന് ഒരു നവജ്യോതി

Posted on: September 20, 2018

ബുധനാഴ്ച ദിവസം കോട്ടയം മെഡിക്കൽ കോളജിലെ കാൻസർ വാർഡിൽ എത്തിയാൽ രോഗികൾക്കായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഒരു കുടുംബത്തെ കാണാം. അതാണ് ബിനോയി മണി. കോട്ടയം ചന്തയ്ക്കുള്ളിലെ ഷാപ്പിലെ സപ്ലയറാണ് ബിനോയി. ഇപ്പോൾ നവജ്യോതി ട്രസ്റ്റിന്റെ സാരഥി.

തുടക്കം ഷാപ്പിൽ

ഒരിക്കൽ ഷാപ്പിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഒരാൾ ഭക്ഷണം വാങ്ങി വച്ചിട്ടും കഴിക്കാതെ നോക്കിയിരുന്നു. കാര്യം തിരക്കിയപ്പോൾ വായിൽ കാൻസറാണെന്നായിരുന്നു മറുപടി. ആ മനുഷ്യന്റെ നിസഹായവസ്ഥ കണ്ടപ്പോൾ നെടുവീർപ്പിടാനെ ബിനോയിക്ക് കഴിഞ്ഞുള്ളൂ. ഇതേ ഷാപ്പിലെ വിതരണക്കാരാനായിരുന്നു ബിനോയിയുടെ പിതാവ് പി. കെ. മണി.

മെഡിക്കൽ കോളജിനടുത്ത നവജീവനിൽ സ്ഥിരം സന്ദർശകനായ ബിനോയി അവിടെ ആവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കൊടുക്കാറുണ്ടായിരുന്നു. ഒരു ദിവസം നവജീവനിൽ എത്തിയപ്പോഴാണ് മെഡിക്കൽ കോളജിലെ കാൻസർ വാർഡിനെക്കുറിച്ച് ഓർത്തത്. പെട്ടെന്ന് അങ്ങോട്ടു പോയി.

മെഡിക്കൽ കോളജിലെ കാൻസർ വാർഡിൽ എത്തിയപ്പോൾ രണ്ടു പേർ ചോറു കഴിക്കാതെ ഇരിക്കുന്നു. ചോദിച്ചപ്പോൾ മീൻ കറി കൂട്ടി ചോറുണ്ണാനാണ് ആഗ്രഹം അതിനു കഴിയാത്തതിനാലാണ് ചോറുണ്ണാതെ ഇരിക്കുന്നത് എന്നു പറഞ്ഞു. അപ്പോൾ തന്നെ ബിനോയി ഷാപ്പിൽ എത്തി കുറച്ച് ചോറു ഇലപ്പൊതികളിലാക്കി ബിനോയി കാൻസർ വാർഡിലെത്തി. പിന്നീട് തിരിച്ചു ഷാപ്പിൽ എത്തിയപ്പോൾ നാളെയും ചോറു കൊണ്ടു കൊടുക്കണമെന്നു തീരുമാനിച്ചു. പിന്നീട് പൊതികളുടെ എണ്ണം കൂടി. ക്രമേണ 30 ചോറു പൊതികൾ വരെയായി.

പിന്നീട് ആളുകൾ കൂടി വന്നപ്പോൾ വീട്ടിൽ ചോറുണ്ടാക്കികൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. സുഹൃത്തുക്കളും ഈ തീരുമാനത്തെ പിന്തുണച്ചു. ഭാര്യയോട് പറഞ്ഞപ്പോൾ പൂർണസമ്മതം. അങ്ങനെ അയൽപക്കത്തു നിന്ന് ഉൾപ്പെടെ പാത്രങ്ങൾ ശേഖരിച്ച് എട്ടു കിലോ അരി വച്ചു. എക്‌സൈസിലെയും പോലിസിലെയും സുഹൃത്തുക്കളാണ് ആദ്യം സഹായങ്ങളുമായി എത്തിയത്. ഇന്ന് 60 കിലോ അരിയുടെ ചോറു വച്ച് നൽകിവരുന്നു. ഷാപ്പിൽ നിന്നു കിട്ടുന്ന വരുമാനത്തിൽ നിന്നാണ് ഇതിനുള്ള പണം ബിനോയി കണ്ടെത്തുന്നത്. നല്ലവരായ കുറച്ചു പേരുടെ സഹായവുമുണ്ട്.

വഴികാട്ടിയത് അമ്മയുടെ നല്ലമനസ്

കൂടാതെ കുട്ടിക്കാലത്ത് പലപ്പോഴും ചോറു കഴിക്കാൻ കിട്ടിയിരുന്നില്ല. കപ്പയായിരുന്നു കൂടുതലും കഴിച്ചിരുന്നത്. വിശപ്പും നന്നായി അറിഞ്ഞിട്ടുണ്ടെന്നു ബിനോയി മനസു തുറന്നു. എങ്കിലും കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിൽ എത്തിയിരുന്നവർക്ക് അമ്മ ചന്ദ്രമതി സ്വ മനസാലേ ഭക്ഷണം കൊടുത്തിരുന്നുവെന്ന് ബിനോയി ഓർക്കുന്നു.

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒപ്പമിരുന്ന ഭക്ഷണം കഴിച്ചിരുന്ന കുട്ടിയുടെ പാത്രത്തിൽ നിന്ന് ബിനോയിയുടെ കൈതട്ടി മുട്ട താഴെ വീണു. ഇതിൽ പ്രതിഷേധിച്ച് അവൻ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റു പോയി. മനപൂർവമല്ലെങ്കിലും ഇന്നും മനസിൽ ഒരു നീറ്റലായി ആ ഓർമ നിലനിൽക്കുന്നു

നവജ്യോതി ട്രസ്റ്റ്

മെഡിക്കൽ കോളജിലെ ഭക്ഷണവിതരണത്തിന്റെ വാർഷികത്തിൽ അതിഥിയായിയെത്തിയ ബിനോയിയുടെ അധ്യാപികയുടെ നിർദേശപ്രകാരം 2017 ൽ ട്രസ്റ്റ് രൂപീകരിച്ചു. ട്രസ്റ്റിനു പേരു നിർദേശിച്ചതും അധ്യാപികയാണ് നവജ്യോതി ട്രസ്റ്റ്. ഞാനും ഭാര്യ ഷൈനിയും ഭാര്യാമാതാവ് ശാന്തമ്മ ദിവാകരൻ ഉൾപ്പെടെ ഒമ്പതുപേർ ട്രസ്റ്റിലുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ നല്ല മനസുളള ചിലർ ട്രസ്റ്റിലേക്കു കുറച്ചു പണം തന്നു. ക്യാമ്പുകളിൽ അരിയും സാധനങ്ങളും എത്തിക്കാൻ ഇതിലൂടെ സാധിച്ചു. ഭാര്യ ഷൈനിയും മക്കളായ അമൃതയും അദ്വൈതും എല്ലാറ്റിനും പൂർണപിന്തുണയോടെ ബിനോയിക്ക് ഒപ്പമുണ്ട്.

ഫോൺ : 99610 02627, 8281525363