അൻപോടെ അമ്മമാർക്ക് പദ്ധതിയുമായി മഹാത്മാഗാന്ധി ഫൗണ്ടേഷൻ

Posted on: September 3, 2018

പാലാ : പ്രളയദുരിതത്തിൽ കഷ്ടപ്പെടുന്ന അമ്മമാർക്ക് സ്വാന്ത്വനവുമായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ. അൻപോടെ അമ്മമാർക്ക് എന്ന പേരിൽ ആയിരം രൂപ വീതം ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കുന്ന പദ്ധതിയ്ക്കാണ് ഫൗണ്ടേഷൻ തുടക്കമിട്ടത്. ആദ്യഘട്ടത്തിൽ നൂറിൽപരം അമ്മമാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രളയ ദുരിതത്തെത്തുടർന്ന് ഭക്ഷണവും വസ്ത്രങ്ങളും എല്ലായിടത്തും ലഭ്യമായെങ്കിലും അത്യാവശ്യകാര്യങ്ങൾ നിർവഹിക്കാൻ പണം ആവശ്യമാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആയിരം രൂപാ വീതം അമ്മമാർക്ക് നൽകാൻ തീരുമാനിച്ചത്.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന് പുറമെ കെ.ആർ.നാരായണൻ ഫൗണ്ടേഷൻ, സിറ്റിസൺ ഓഫ് ഇന്ത്യ ഗ്രൂപ്പ്, ഏകതാ പ്രവാസി, ശാന്തി യോഗാ സെന്റർ എന്നിവയുടെ സഹകരണവും പദ്ധതിക്കു ലഭിക്കുന്നുണ്ട്.

പദ്ധതിയുടെ ഉദ്ഘാടനം പാലാ ശാന്തി യോഗാ സെന്ററിൽ പി. സി. ജോർജ് എം എൽ എ നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ സെക്രട്ടറി സാംജി പഴേപറമ്പിൽ, ശാന്തി യോഗാ സെന്റർ ചെയർമാൻ കെ. പി. മോഹൻദാസ്, ഡയറക്ടർ അഭിലാഷ് ഗിരീഷ്, നിധിഷ് നിധിരി എന്നിവർ പ്രസംഗിച്ചു. പ്രളയബാധിതരെ സഹായിക്കാൻ രംഗത്തിറങ്ങിയ നെതർലൻഡ് സ്വദേശികളായി മാർലി, മോനിക്കു എന്നിവരെ ചടങ്ങിൽ ആദരിച്ചു.