ദുരിതാശ്വാസ സഹായവുമായി അമര രാജ ഗ്രൂപ്പ്

Posted on: August 30, 2018

കൊച്ചി : കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായവുമായി ബിസിനസ് ഗ്രൂപ്പായ അമര രാജയും. ദുരിത ബാധിതര്‍ക്ക് കുടുംബാംഗങ്ങളും കൂട്ടുകാരുമായി പരസ്പരം വിനിമയം സാധ്യമാക്കുന്നതിന് ഗ്രൂപ്പ് ‘അടിയന്തര ചാര്‍ജിംഗ് സ്റ്റേഷനുകള്‍’ ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ ഇവര്‍ക്ക് ഫോണ്‍ ചാര്‍ജ് ചെയ്യാം. എറണാകുളം, വയനാട്, ഇടുക്കി ജില്ലകളില്‍ സ്ഥാപിച്ചിട്ടുള്ള 150 അടിയന്തര ചാര്‍ജിംഗ് സ്റ്റേഷനുകള്‍ക്കു പുറമേ 400 സ്റ്റേഷനുകള്‍ കൂടി ആവശ്യമനുസരിച്ച് സ്ഥാപിക്കും.

വീട്ടു സാധനങ്ങളും വസ്ത്രങ്ങളും അടങ്ങിയ പുനരധിവാസ കിറ്റുകളും അമര രാജ എത്തിക്കുന്നുണ്ട്. ഇത്തരം 1500 കിറ്റുകള്‍ അലപ്പുഴ, കുട്ടനാട് മേഖലകളില്‍ വിതരണം ചെയ്യുന്നു.

അമറോണ്‍ ബ്രാന്‍ഡ് ബാറ്ററികള്‍ മുതല്‍ വിവിധ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദകരായ അമര രാജ ഗ്രൂപ്പിനു കീഴില്‍ 14,000 ജീവനക്കാരുണ്ട്. ഇവരുടെ ഒരു ദിവസത്തെ വേതനവും ഗ്രൂപ്പിന്റെ മറ്റു സ്ഥാപനങ്ങളുടെ സംഭാവനകളും ചേര്‍ത്തായിരിക്കും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക.