ജല സുരക്ഷാ പദ്ധതികൾക്കായി പെപ്‌സികോ ഫൗണ്ടേഷൻ 4.26 ദശലക്ഷം ഡോളർ നൽകും

Posted on: July 18, 2018

കൊച്ചി : പെപ്‌സിക്കോ പ്ലാന്റുകൾക്കു സമീപമുള്ള സമൂഹങ്ങളിലെ രണ്ടു ലക്ഷത്തോളം പേർക്കു നേട്ടമുണ്ടാക്കാൻ ലക്ഷ്യമിട്ട് ജല ലഭ്യതാ പദ്ധതികൾ വിപുലമാക്കുമെന്ന് പെപ്‌സികോ പ്രഖ്യാപിച്ചു. കേരളം, കർണാടകം, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലുള്ള സമൂഹങ്ങൾക്ക് 2020 ഡിസംബറോടെ സുരക്ഷിത ജലം ലഭ്യമാക്കാനായി പെപ്‌സികോ ഫൗണ്ടേഷൻ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ വാട്ടർ എയ്ഡിന് 4.26 ദശലക്ഷം ഡോളറിന്റെ ഗ്രാന്റ് നൽകും. പെർഫോമൻസ് വിത്ത് പർപ്പസ് 2025 അജണ്ടയുടെ ഭാഗമായി 2006 മുതൽ ആഗോള തലത്തിൽ 25 ദശലക്ഷം ജനങ്ങൾക്ക് സുരക്ഷിത ജല ലഭ്യത ഉറപ്പാക്കുകയാണ് പെപ്‌സികോയുടെ ലക്ഷ്യം.

ശുദ്ധവും സുരക്ഷിതവുമായ ജല ലഭ്യതയ്ക്കുള്ള മനുഷ്യാവകാശത്തെ പെപ്‌സികോ മാനിക്കുന്നതായി പെപ്‌സികോ ഇന്ത്യയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ അഹമദ് എൽഷേഖ് ചൂണ്ടിക്കാട്ടി. സുരക്ഷിതമായ ജലം സ്ഥായിയായി ലഭ്യമാക്കുന്നതിലൂടെ സമൂഹത്തിന്റെ ജല സുരക്ഷ മെച്ചപ്പെടുത്താനാണ് വാട്ടർ എയ്ഡുമായി സഹകരിച്ച് പെപ്‌സികോ ഫൗണ്ടേഷൻ ശ്രമിക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.

കൂട്ടായ പരിശ്രമത്തിലൂടെയാണ് എല്ലാവർക്കും വൃത്തിയുള്ള ജലം ലഭ്യമാക്കാനാവുകയെന്ന് വാട്ടർ എയ്ഡ് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് വി.കെ. മാധവൻ പറഞ്ഞു. ശുദ്ധമായ ജലവും ശൗചാലയങ്ങളും എല്ലാവർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സ്വകാര്യ മേഖലയെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിൽ വാട്ടർ എയ്ഡ് പ്രതിജ്ഞാബദ്ധമാണെന്നും അദേഹം കൂട്ടിച്ചേർത്തു.