വിഴിഞ്ഞം അദാനി പോർട്ട് കോട്ടപ്പുറത്ത് പാലിയേറ്റീവ്‌കെയർ സെന്റർ തുടങ്ങും

Posted on: May 31, 2018

തിരുവനന്തപുരം : വിഴിഞ്ഞം അദാനി പോർട്ട് സാമൂഹിക പ്രതിബന്ധതാ പദ്ധതികളുടെ ഭാഗമായി കോട്ടപ്പുറം കേന്ദ്രമാക്കി പാലിയേറ്റീവ് കെയർ സെൻറർ തുടങ്ങും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഗ്രൂപ്പ് നടത്തി വരുന്ന സാമൂഹിക പ്രതിബന്ധതാ പദ്ധതികളുടെ വാർഷിക റിപ്പോർട്ട് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപള്ളി പ്രകാശനം ചെയ്തു. അടുത്ത വർഷം തൊഴിൽ നൈപുണ്യത്തിനായി സ്‌കിൽ ഡെവലപ്‌മെൻറ് സെന്റർ, ജൈവമാലിന്യ സംസ്‌കരണത്തിനായി മെക്കനൈസ്ഡ് ശുചിത്വ പ്ലാന്റ്, സൗരോർജ വിളക്കുകൾ, ഡ്രെയ്‌നേജുകളുടെ പുനരുദ്ധാരണം തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കും.

അദാനി തുറമുഖകമ്പനിയുടെ സാമൂഹ്യ പ്രതിബന്ധതാ വിഭാഗമായ അദാനി ഫൗണ്ടേഷനാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. രണ്ടു വർഷങ്ങളിലായി 15 കോടി രൂപയുടെ പദ്ധതികളാണ് ഈവർഷം പൂർത്തിയാകുന്നത്. ഹാർബർ വാർഡിൽ എച്ച്.എ.എൽ.പി സ്‌കൂളിന് 10 ക്ലാസ് മുറികളുള്ള കെട്ടിടം പൂർത്തിയാക്കുകയും മുല്ലൂർ പനവിള യു.പി സ്‌കൂളിന് 10 ക്ലാസ് മുറികളുള്ള ഇരുനിലക്കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നതും പ്രധാന പ്രവർത്തനങ്ങളാണ്. കോർപറേഷനുമായി സഹകരിച്ച് ഖരമാലിന്യസംസ്‌കരണത്തിന് വിഴിഞ്ഞം, ഹാർബർ, കോട്ടപ്പുറം വാർഡുകളിലായി 21 എയ്‌റോബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്.

വിഴിഞ്ഞം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഒരുനിലക്കെട്ടിടവും ആശുപത്രി ഉപകരണങ്ങളും നൽകി. വിഴിഞ്ഞം പ്രദേശത്തുനിന്നുള്ള 9, 11 ക്ലാസുകളിലെ 250 വിദ്യാർഥികൾക്ക് ജീവിത നൈപുണ്യ കരിയർ പരിശീലനം നൽകിയതുൾപ്പെടെ ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കിവരുന്നത്.

ചടങ്ങിൽ അദാനി ഗ്രൂപ്പ് സിഇഒ രാജേഷ് ഝാ, കോർപ്പറേറ്റ് റിലേഷൻ ഹെഡ് സുശീൽ നായർ, കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസബിൾ ഹെഡ് അനിൽ ബാലകൃഷ്ണൻ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് എംഡി ഡോ. ജയകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.