ഗാന്ധിഭവന് അഞ്ചര കോടിയുടെ സഹായവുമായി എം.എ. യൂസഫലി

Posted on: May 27, 2018

പത്തനാപുരം : പരിശുദ്ധ റംസാൻ വ്രതാനുഷ്ഠാനത്തിന്റെ ആരംഭദിനത്തിൽ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ കാരുണ്യവർഷം. ഗാന്ധിഭവനിലെ അന്തേവാസികളായ 200 അമ്മമാർക്ക് താമസിക്കുവാനായി അഞ്ചുകോടിയിലേറെ രൂപ ചെലവിട്ട് അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനിലകെട്ടിടം നിർമ്മിച്ചുനൽകും. കൂടാതെ റംസാൻ സമ്മാനമായി 50 ലക്ഷം രൂപയും എം.എ. യൂസഫലി ഗാന്ധിഭവന് സമ്മാനിച്ചു.

ഗാന്ധിഭവനിലെ 34 കുടുംബാംഗങ്ങൾ ഈ വർഷം നോമ്പ് അനുഷ്ഠിക്കുന്നുണ്ട്. അവർക്കും മറ്റുള്ളവർക്കും ഈ നോമ്പുകാലത്ത് സുഭിക്ഷമായ ഭക്ഷണം നൽകുന്നതിനായാണ് 20 ലക്ഷം രൂപ ചെലവിടുക. ഗാന്ധിഭവനിലേക്ക് പലവ്യഞ്ജനങ്ങളും മറ്റും വാങ്ങിയ വകയിലുള്ള കടബാധ്യതകൾ തീർക്കാൻ 30 ലക്ഷം രൂപ ഉപയോഗിക്കുവാനും എം.എ. യൂസഫലി നിർദേശിച്ചിട്ടുണ്ട്. നോമ്പനുഷ്ടിക്കുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഗാന്ധിഭവനിൽ ഒരുക്കിയിട്ടുണ്ട്. വിപുലമായ ഇഫ്താർ സംഗമവും ഈ നോമ്പുകാലത്ത് ഗാന്ധിഭവനിൽ സംഘടിപ്പിച്ചിട്ടുണ്ട്.

രണ്ടുവർഷം മുമ്പ് ഗാന്ധിഭവൻ സന്ദർശിച്ചപ്പോൾ അവിടുത്തെ അമ്മമാരോടൊപ്പം ചെലവഴിച്ച നിമിഷങ്ങൾ തന്റെ മനസിനെ വല്ലാതെ നൊമ്പരപ്പെടുത്തിയെന്നും, മക്കളുപേക്ഷിച്ച അമ്മമാരുടെ വേദനയാണ് ലോകത്തിലെ ഏറ്റവും വലിയ ദുഃഖമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞിരുന്നു. ഗാന്ധിഭവന്റെ ചിട്ടയായ പ്രവർത്തനങ്ങളും മതേതര സ്വഭാവവുമാണ് തന്നെ ഏറെ ആകർഷിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചു. അന്നുമുതൽ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ലുലു ഗ്രൂപ്പിന്റെ അപ്രതീക്ഷിത സഹായങ്ങൾ ഗാന്ധിഭവന് ലഭ്യമായതായി ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ പറഞ്ഞു.

ദൈനംദിനം നിരവധി പേർ അഭയം തേടിയെത്തുന്ന ഗാന്ധിഭവനിൽ ആയിരത്തിലേറെ അന്തേവാസികളും ഇരുനൂറിലധികം സേവനപ്രവർത്തകരുമുണ്ട്. സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന സാഹചര്യത്തിലാണ് ഈ അപര്യാപ്തത മനസ്സിലാക്കി യൂസഫലിയുടെ സഹായഹസ്തം വീണ്ടും എത്തിയത്. ഇതിനുമുമ്പ് പലപ്പോഴായി മൂന്നുകോടിയിലധികം രൂപയുടെ സഹായങ്ങളും അദേഹം ഗാന്ധിഭവന് നൽകിയിരുന്നു. പ്രതിവർഷം ഗാന്ധിഭവന് നൽകുന്ന ഒരു കോടി രൂപയുടെ ഗ്രാന്റ് കൂടാതെയാണ് ഇപ്പോഴത്തെ ഈ സഹായപ്രഖ്യാപനം. ആദ്യസന്ദർശനവേളയിൽ ഗാന്ധിഭവനിൽ ഒരു കെട്ടിടം നിർമ്മിക്കാനായി ഒരു കോടി രൂപ യൂസഫലി സമ്മാനിച്ചിരുന്നു. കിടപ്പുരോഗികൾ ഉൾപ്പെടെ അവശതയുള്ള അമ്മമാർക്ക് എല്ലാ സൗകര്യങ്ങളോടും കൂടി താമസിക്കുവാനുള്ള സംവിധാനങ്ങളാണ് 5 കോടിയിലേറെ രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൽ ഏർപ്പെടുത്തുന്നത്. ഉറ്റവർ കൈവിട്ട് തെരുവിൽ കഴിയേണ്ടിവന്ന അമ്മമാർ ജീവിതാവസാനം വരെ സങ്കടപ്പെടാതെ സുഖമായി ജീവിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് എം.എ. യൂസഫലി ഗാന്ധിഭവൻ അധികൃതരെ അറിയിച്ചു.

എം.എ. യൂസഫലിക്കു വേണ്ടി സെക്രട്ടറി ഇ.എ. ഹാരിസ്, മാനേജർ എൻ. പീതാംബരൻ, മീഡിയ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവർ ഗാന്ധിഭവനിലെത്തി പദ്ധതി പ്രഖ്യാപിക്കുകയും റംസാൻ സഹായമായ അമ്പതുലക്ഷം രൂപയുടെ ഡി.ഡി. ഗാന്ധിഭവനിലെ അമ്മമാർക്ക് കൈമാറുകയും ചെയ്തു.