ആസ്റ്റർ മിംസ് മൊബൈൽ ക്ലിനിക് സേവനത്തിന് തുടക്കമായി

Posted on: December 27, 2017

കോഴിക്കോട് : ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റും ബെന്നി ആൻഡ് ഷെറി ഫൗണ്ടേഷനും സെന്റ് അൽഫോൻസ പാലിയേറ്റീവ് കെയർ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് ആധുനിക മൊബൈൽ ക്ലിനിക് സേവനത്തിന് തുടക്കം കുറിച്ചു. കോഴിക്കോട് ജില്ലയിലെ ഉൾഗ്രാമങ്ങളിൽ മികച്ച വൈദ്യസേവനം സൗജന്യമായി ലഭ്യമാക്കാൻ സഹായിക്കുന്നതാണ് ഈ ക്ലിനിക്. ജില്ലയിലെ 40 വിദൂരഗ്രാമങ്ങൾക്ക് പ്രയോജനം ചെയ്യും.

കൂരാച്ചുണ്ടിലെ സെന്റ് തോമസ് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ബാലുശേരി എംഎൽഎ പുരുഷൻ കടലുണ്ടി മൊബൈൽ ക്ലിനിക് ഉദ്ഘാടനം ചെയ്തു. ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലും ചേർന്ന് മൊബൈൽ ക്ലിനിക് ഫ്‌ളാഗ് ചെയ്തു. ബെന്നി ആൻഡ് ഷെറി ഫൗണ്ടേഷന്റെ സ്ഥാപകൻ ബെന്നി പുളിക്കേക്കര, സെന്റ് അൽഫോൻസ പാലിയേറ്റീവ് കെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഡയറക്ടർ ഫാ. സൈമൺ കിഴക്കേക്കുന്നേൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

മൊബൈൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മെഗാ മെഡിക്കൽ ക്യാമ്പും കാൻസർ നിർണയ പദ്ധതിയുടെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി മെഗാ മെഡിക്കൽ ക്യാമ്പും കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ് കാൻസർ നിർണയ പദ്ധതിയും ഉദ്ഘാടനം ചെയ്തു.

എല്ലാ മാസവും 40 ഗ്രാമങ്ങളിൽ മൊബൈൽ ക്ലിനിക് സന്ദർശനം നടത്തും. പരിശോധനാമുറി, രണ്ട് ഔട്ട്‌പേഷ്യന്റ് മുറികൾ, രോഗികൾക്ക് കാത്തിരിക്കാനുള്ള സ്ഥലം എന്നിവയാണ് മൊബൈൽ ക്ലിനിക്കിലുള്ളത്. ലാബറട്ടറി, ഇസിജി, ഫാർമസി, എന്നീ സൗകര്യങ്ങളും മൊബൈൽ ക്ലിനിക്കിലുണ്ട്.