എണ്ണക്കമ്പനികൾ 76 സൈക്ലോത്തോൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

Posted on: November 6, 2017

കൊച്ചി : ഹരിത പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യത്തോടെ എണ്ണ കമ്പനികളുടെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാ തലത്തിൽ 76 സൈക്ലോത്തോൺ മത്സരങ്ങൾ സംഘടിപ്പിക്കും. എണ്ണ സംരക്ഷണത്തിന് ഊന്നൽ നൽകി ഒരു ദിവസം പെട്രോളും ഡീസലും ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം മുൻനിർത്തിയാണ് സൈക്ലോത്തോൺ സംഘടിപ്പിക്കുന്നത്. ഇതിന്റെ മുന്നോടിയായി ന്യൂഡൽഹിയിൽ നടന്ന സാക്ഷം പെഡൽ സൈക്ലോത്തോണിൽ എലൈറ്റ് പുരുഷ വിഭാഗത്തിൽ സത്ബീർ സിംഗും വനിതാ വിഭാഗത്തിൽ ടി മനോരമ ദേവിയും വിജയികളായി.

പെട്രോളിയം കൺസർവേഷൻ ആൻഡ് റിസർച്ച് അസോസിയേഷൻ, ഐ ഒ സി എൽ, ബി പി സി എൽ, എച്ച് പി സി എൽ, ഒ എൻ ജി സി, ഗെയ്ൽ, ഓയിൽ, എം ആർ പി എൽ, സി പി സി എൽ എൻ ആർ എൽ, ഐ ജി എൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു ഡൽഹി സൈക്ലത്തോൺ. പുരുഷൻമാർക്ക് 45 കിലോമീറ്ററും വനിതകൾക്ക് 27 കിലോ മീറ്ററുമുള്ള എലൈറ്റ്, 27 കിലോമീറ്ററിന്റെ അമേച്വർ, ഓപ്പൺ, ഗ്രീൻ റൈഡ് എന്നീ നാല് വിഭാഗങ്ങളിലായിരുന്നു മത്സരം.

 

എണ്ണ വ്യവസായ മേഖലയിലുള്ളവർ, കായികരംഗത്തു നിന്നുള്ളവർ, സ്‌കൂൾ കോളേജ് വിദ്യാർഥികൾ, സൈക്ലിംഗ് പ്രൊഫഷണലുകൾ, വീട്ടമ്മമാർ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്ന് 5000 ഓളം പേർ സൈക്ലോത്തോണിൽ പങ്കെടുത്തു. കേന്ദ്ര എണ്ണ പ്രകൃതി വാതക മന്ത്രി ധർമേന്ദ്ര പ്രധാൻ ഫ്‌ളാഗ് ഓഫ് ചെയ്തു. സൈക്ലോത്തോണിന്റെ പ്രയോജനങ്ങൾ നിരവധിയാണെന്ന് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ ചൂണ്ടിക്കാട്ടി. എണ്ണ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് പുറമെ ആരോഗ്യ ഫിറ്റ്‌നസ് നേട്ടങ്ങളും വലുതാണ്. എണ്ണയെ കൂടുതൽ ആശ്രയിക്കുന്ന പ്രവണത മാറ്റിയെടുക്കുക കൂടിയാണ് ലക്ഷ്യം. പ്രശസ്ത നടൻ ഫർഹാൻ അക്തറും സൈക്ലോത്തോണിൽ പങ്കെടുത്തു.