പ്രൊഫഷണൽ വിദ്യാഭ്യാസ സ്‌കോളർഷിപ്പുമായി മുത്തൂറ്റ് എം. ജോർജ്ജ് ഫൗണ്ടേഷൻ

Posted on: October 11, 2017

കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ കോർപറേറ്റ് സാമൂഹ്യ പ്രതിബദ്ധതാ വിഭാഗമായ മുത്തൂറ്റ് എം. ജോർജ്ജ് ഫൗണ്ടഷൻ പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്നവർക്കായുള്ള പുതിയ സ്‌കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. മെഡിസിൻ, എൻജിനീയറിംഗ്, ബിഎസ്‌സി നേഴ്‌സിംഗ്, ബികോം വിദ്യാർത്ഥികളാണ് പദ്ധതിയുടെ കീഴിൽ വരുന്നത്. യോഗ്യതാ പരീക്ഷയിൽ 80 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡിങ്ങോ ലഭിക്കുന്ന രണ്ടു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർക്കാണ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അർഹത.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്‌സിന്റെ അവസാനം വരെ സ്‌കോളർഷിപ്പ് ലഭിക്കും. എം.ബി.ബി.എസിന് 50,000 രൂപ, ബി ടെക്കിനും ബിഎസ്‌സി നേഴ്‌സിംഗിനും 25,000 രൂപ, ബികോമിന് 15,000 രൂപ എന്ന നിലയിൽ ഓരോ വിഭാഗത്തിലും പത്തു പേർക്കു വീതമാവും സ്‌കോളർഷിപ്പ്.

അർഹരായ കുട്ടികൾക്ക് ശക്തമായ കരിയർ വളർത്തിയെടുക്കാനും അവരെ സാമ്പത്തികമായി സ്വാശ്രയരാക്കാനും ലക്ഷ്യമിട്ടാണ് സ്‌കോളർഷിപ്പെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.