എച്ച്എൽഎൽ പ്രതീക്ഷ സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Posted on: September 30, 2017

തിരുവനന്തപുരം : എച്ച്എൽഎൽ ലൈഫ് കെയറിന് കീഴിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി പ്രഫഷനൽ, സാങ്കേതിക കോഴ്‌സുകൾക്കു പഠിക്കുന്ന വിദ്യാർഥികളിൽ നിന്ന് സ്‌കോളർഷിപ്പിനായി അപേക്ഷ ക്ഷണിച്ചു. കോർപറേറ്റ് കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്ത പരിഗണന പ്രകാരമുള്ള സ്‌കോളർഷിപ്പ് ബിപിഎൽ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾക്കാണ് നൽകുന്നത്.

കേരളത്തിനുള്ളിൽ മെഡിസിൻ, എൻജിനീയറിംഗ്, ബിഫാം, ഡിപ്ലോമ, നേഴ്‌സിംഗ്, ഐടിഐ കോഴ്‌സുകൾക്കു പഠിക്കുന്ന തിരുവനന്തപുരം ജില്ലക്കാരായ വിദ്യാർഥികൾക്കാണ് പ്രതീക്ഷ സ്‌കോളർഷിപ്പുകൾ നൽകുന്നത്. ഇക്കൊല്ലം 30 കുട്ടികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കും. കഴിഞ്ഞ വർഷം അർഹരായവർക്കു പുറമേയാണിത്. അപേക്ഷാഫോം എച്ച്എൽഎൽ ലൈഫ് കെയർ ഓഫിസുകളിൽനിന്നോ www.lifecarehll.com എന്ന എച്ച്എൽഎൽ വെബ്‌സൈറ്റിൽനിന്നോ ലഭിക്കും. അസോസിയേറ്റ് വൈസ് പ്രസിഡന്റ് (എച്ച്ആർ), എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ്, കോർപറേറ്റ് ആൻഡ് രജിസ്‌ട്രേഡ് ഓഫിസ്, എച്ച്എൽഎൽ ഭവൻ, പൂജപ്പുര, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ 2017 ഒക്‌ടോബർ 25നകം അപേക്ഷകൾ ലഭിക്കണം.

എംബിബിഎസ് വിദ്യാർഥികൾക്ക് പ്രതിവർഷം 30,000 രൂപ, ബിഫാം, എൻജിനീയറിംഗ് വിദ്യാർഥികൾക്ക് 20,000 രൂപ, ഡിപ്ലോമ, നേഴ്‌സിംഗ് വിദ്യാർഥികൾക്ക് പ്രതിവർഷം പതിനായിരം രൂപ എന്നിങ്ങനെയാണ് സ്‌കോളർഷിപ്പ് തുക. ഐടിഐ വിദ്യാർഥികൾക്ക് 5000 രൂപ ലഭിക്കും. ഓരോ വിഭാഗത്തിലും അഞ്ച് സ്‌കോളർഷിപ്പു വീതമാണ് നൽകുന്നത്. തുക പഠനകാലം മുഴുവൻ ലഭിക്കും.

പഠനമികവും സാമ്പത്തിക സ്ഥിതിയും അടിസ്ഥാനമാക്കിയാണ് സ്‌കോളർഷിപ്പ് അനുവദിക്കുന്നത്. ബന്ധപ്പെട്ട അധികൃതരിൽനിന്നുള്ള വരുമാനം തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയിൽനിന്നുള്ള സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്‌കോളർഷിപ്പ് കാലയളവിൽ വർഷംതോറും പഠനമികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും സമർപ്പിക്കണം.

2014 ൽ തുടക്കമിട്ട പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിയിലൂടെ, തിരുവനന്തപുരത്തെയും കർണാടകയിലെ കനഗലയിലെയും നിർധന കുടുംബങ്ങളിൽനിന്നു പ്രഫഷനൽ ബിരുദ കോഴ്‌സുകൾക്കു പഠിക്കുന്ന മിടുക്കരായ 112 കുട്ടികൾക്ക് 21.5 ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് എച്ച്എൽഎൽ അനുവദിച്ചത്.