ഇന്ത്യൻ ഓയിൽ പിണറായി ഹെൽത്ത് സെന്ററിന് ആംബുലൻസ് നൽകി

Posted on: September 16, 2017

കൊച്ചി : പിണറായിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ഇന്ത്യൻ ഓയിൽ കോർപറേഷൻ നൽകിയ മിനി ഐസിയു ആംബുലൻസിന്റെ താക്കോൽ ദാനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സമൂഹത്തിനുവേണ്ടി ഐഒസി ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പതിനെട്ട് ലക്ഷം രൂപയാണ് ആംബുലൻസിന്റെ ചെലവ്. ശീതീകരിച്ച കമ്പാർട്ട്‌മെന്റ്, അംബു ബാഗ്, നെബുലൈസർ, സ്‌ട്രെച്ചർ, ഇൻവർട്ടർ, കാലുകൾ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന എസി-ഡിസി സക്ഷൻ പമ്പ് എന്നിവയെല്ലാം ആംബുലൻസിൽ ഉണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, സാനിട്ടേഷൻ, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിൽ കേരളത്തിൽ ഇന്ത്യൻ ഓയിൽ സിഎസ്ആർ പ്രകാരം മൂന്നു കോടിയിലേറെ രൂപ ചെലവഴിച്ചിട്ടുണ്ട്.

കെ.കെ.രാജേഷ് എംപി അധ്യക്ഷനായിരുന്നു. ഇന്ത്യൻ ഓയിൽ ഡിജിഎം ബോസ് ജോസഫ്, തലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവൻ, ഐഒസി കോഴിക്കോട് ഡിവിഷൻ ഡിജിഎം ടി വിജയരാഘവൻ, സീനിയർ മാനേജർ ആർ.കെ.നമ്പ്യാർ എന്നിവർ പങ്കെടുത്തു.