സാംസംഗ് സ്റ്റാർ സ്‌കോളർ : ജവഹർ നവോദയ വിദ്യാർത്ഥികൾക്ക് 150 സ്‌കോളർഷിപ്പുകൾ കൂടി

Posted on: August 4, 2017

കൊച്ചി : ജവഹർ നവോദയ വിദ്യാലയങ്ങളിലെ നടപ്പു ബാച്ചിൽ നിന്നു ഐഐടി (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി), എൻഐടി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) എന്നിവയിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കു 150 സ്‌കോളർഷിപ്പുകൾ കൂടി സാംസംഗ് ഇന്ത്യ പ്രഖ്യാപിച്ചു. ഇതോടെ സാംസംഗ് സ്റ്റാർ സ്‌കോളർ പദ്ധതിയിൽ നൽകുന്ന സ്‌കോളർഷിപ്പുകളുടെ എണ്ണം 300 ആയി. പ്രതിവർഷം രണ്ടു ലക്ഷം രൂപയാണ് സ്‌കോളർഷിപ്പായി നൽകുന്നത്. ഓഗസ്റ്റ് 31 വരെ ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.

സാംസംഗ് സ്റ്റാർ സ്‌കോളർ പദ്ധതി 2016-ലാണ് തുടങ്ങിയത്. അന്ന് 150 സ്‌കോളർഷിപ്പായിരുന്നു കമ്പനി പ്രഖ്യാപിച്ചിരുന്നത്. ഈ വിദ്യാർത്ഥികളുടെ രണ്ടാം വർഷ കോഴ്‌സിനും സ്‌കോളർഷിപ്പ് തുടർന്നും ലഭിക്കും. സ്‌കോളർഷിപ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ, മെസ് ഫീസ് തുടങ്ങിയവ നൽകുവാൻ സഹായിക്കുന്ന വിധത്തിൽ രണ്ടു ലക്ഷം രൂപ വരെയാണ് സ്‌കോളർഷിപ്പായി നൽകുന്നത്. ജോയിന്റ് എൻട്രൻസ് പരീക്ഷയിലെ റാങ്കിംഗിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.