ഹെയ്റ്റിയിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി എസ്എംസിസി ഫ്‌ളോറിഡ ചാപ്റ്റർ

Posted on: November 26, 2016

florida-smcc-haithy-collect

മയാമി : ഹരിക്കയിൻ, മാത്യു ചുഴലി കൊടുങ്കാറ്റുകൾ സംഹാരതാണ്ടവമാടിയ ഹെയ്റ്റിയിൽ ജനങ്ങൾക്ക് സഹായഹസ്തവുമായി എസ്എംസിസി ഫ്‌ളോറിഡ ചാപ്റ്റർ. അമേരിക്കയിലെ ഫ്‌ളോറിഡ സംസ്ഥാനത്തെ ഷിക്കാഗോ രൂപതയുടെ അത്മായസംഘടനയായ സീറോമലബാർ കാത്തലിക് കോൺഗ്രസ് കോറൽസ് പ്രിംഗ്‌സ് ചാപ്റ്റർ പ്രസിഡന്റ് സാജു വടക്കേലിന്റെ നേതൃത്വത്തിൽ മുന്നോട്ടിറങ്ങി.

കോറൽസ്പ്രിംഗ്‌സ് ഔവർ ലേഡി ഓഫ് ഹെൽത്ത് ചർച്ച് അങ്കണത്തിൽ രണ്ടാഴ്ച തുടർച്ചയായി ഹെയ്റ്റിയിലെ നിസ്സഹായർക്കുവേണ്ടി വസ്ത്രങ്ങൾ, ബെഡ്ഷീറ്റ്, കമ്പിളിപുതപ്പുകൾ, ഷൂ, കാൻഫുഡ്, മരുന്നുകൾ, ടിന്നിലടച്ച പയർ വിഭവങ്ങൾ തുടങ്ങിയവ ശേഖരിച്ചു.

ഔവർ ലേഡി ഓഫ് ഹെൽത്ത് ചർച്ചിലെ സുമനസുകളുടെ നിർലോഭമായ സഹകരണം സംഘാടകരുടെ പ്രതീക്ഷയ്ക്കപ്പുറത്തേക്ക് വളർന്നെന്ന് ഇടവക വികാരി ഫാ. കുര്യാക്കോസ് കുമ്പക്കൽ പറഞ്ഞു.ലഭിച്ച സാധനങ്ങൾ തരംതിരിച്ച് നാല്പതിലധികം വലിയ ബോക്‌സുകളിലാക്കി ഒരു കണ്ടെയ്‌നറിൽ ഹെയ്റ്റിയിലുള്ള സന്നദ്ധ സംഘടന വഴി അയച്ചു കൊടുത്തു.

പ്രൊജക്ട് കോ-ഓർഡിനേറ്റർ ഡിക്‌സി ഷാനു, റോബിൻ ആന്റണി, ഷാജൻ കുറുപ്പുമഠം, ഷിബുജോസഫ്, സജി സക്കറിയാസ്, ബാബു കല്ലിടുക്കിൽ, സാജു ജോസഫ്, സാജൻ കുര്യൻ, ജോസ് സെബാസ്റ്റ്യൻ, ജോജി ജോൺ, ജോജോ വാത്യേലിൽ എന്നിവർ നേതൃത്വം നൽകി.