ഗാന്ധിഭവന് വീണ്ടും എം. എ. യൂസഫലിയുടെ സഹായഹസ്തം

Posted on: October 12, 2016

lulu-group-grant-handoverin

പത്തനാപുരം : കടബാധ്യതകളാൽ നട്ടംതിരിയുന്ന പത്തനാപുരം ഗാന്ധിഭവന് ആശ്വാസം പകർന്ന് വീണ്ടും പദ്മശ്രീ എം. എ. യൂസഫലി. ആയിരത്തിമുന്നൂറോളം ആലംബഹീനരെ പരിപാലിക്കുന്ന ഗാന്ധിഭവൻ സ്ഥലപരിമിതിയും കടബാധ്യതകളും വീർപ്പുമുട്ടിക്കുമ്പോഴാണ് രണ്ടുമാസം മുമ്പ് ഗാന്ധിഭവൻ സന്ദർശിച്ച പ്രമുഖ വ്യവസായിയും ലുലുഗ്രൂപ്പ് ചെയർമാനുമായ എം. എ. യൂസഫലിഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചത്.

ഭിന്നശേഷിയുള്ളവരുടെ പുനരധിവാസത്തിനായി കെട്ടിടം നിർമ്മിക്കുവാനായി നാലുദിവസത്തിനുള്ളിൽ ഒരു കോടി രൂപയുടെ ഡ്രാഫ്റ്റ് ഗാന്ധിഭവൻ വഴി ഹാബിറ്റാറ്റിന് കൈമാറുകയും ചെയ്തിരുന്നു. കെട്ടിടത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു.  ഗാന്ധിഭവനിൽ ഭിന്നശേഷി പുനരധിവാസകേന്ദ്രത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കവേ കെട്ടിടനിർമ്മാണത്തിന് ഒരു കോടി രൂപയ്ക്കു പുറമേ ഗാന്ധിഭവന് പ്രതിവർഷം 25 ലക്ഷംരൂപ ഗ്രാന്റായി നൽകുമെന്നും യൂസഫലി പ്രഖ്യാപിച്ചിരുന്നു.

ആദ്യഗഡുവായി 25 ലക്ഷം രൂപ കഴിഞ്ഞ ദിവസം ലുലു ഗ്രൂപ്പ് മാനേജർ വി. പീതാംബരൻ,  ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ്  എന്നിവർ ചേർന്ന് ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന് കൈമാറി. സാമ്പത്തിക പ്രതിസന്ധിരൂക്ഷമായ സാഹചര്യത്തിൽ അപ്രതീക്ഷിതമായി ലഭിച്ച സഹായം ദൈവാനുഗ്രഹമാണെന്നും ഗാന്ധിഭവൻ സെക്രട്ടറി പറഞ്ഞു.

ഗാന്ധിഭവനിൽ നടന്ന ഗുരുവന്ദന സംഗമം ലുലു ഗ്രൂപ്പ് മീഡിയകോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ്മാനേജർ വി. പീതാംബരൻ മുഖ്യസന്ദേശം നൽകി. ചടങ്ങിൽ ഗാന്ധിഭവൻ ട്രസ്റ്റ്അംഗങ്ങൾപങ്കെടുത്തു.