ഇൻഫോപാർക്ക് രണ്ടാംഘട്ടം നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: May 5, 2015

Infopark-Kochi-Phase-II-bigകൊച്ചി : കൊച്ചി ഇൻഫോപാർക്കിന്റെ രണ്ടാംഘട്ട വികസനപദ്ധതി നാളെ വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. 2,500 കോടി രൂപ മുതൽമുടക്കുള്ള രണ്ടാംഘട്ടത്തിൽ അത്യാധുനിക സംവിധാനങ്ങളുള്ള 80 ലക്ഷം ചതുരശ്രയടി നിർമാണമാണ് നടക്കുന്നത്. ചടങ്ങിൽ വ്യവസായ-ഐടി മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ, എക്‌സൈസ് മന്ത്രി കെ. ബാബു, പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, ഇന്നസെന്റ് എംപി തുടങ്ങിയവർ പങ്കെടുക്കും.

രണ്ടാംഘട്ടത്തിൽ 80,000 ത്തോളം തൊഴിലവസരങ്ങൾ ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷ. 10 ലക്ഷം ചതുശ്രയടി സ്ഥലം 2015 അവസാനത്തോടെ ഐടി സ്ഥാപനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് ഇൻഫോപാർക്ക് സിഇഒ ഹൃഷികേശ് നായർ പറഞ്ഞു. കോഗ്‌നിസന്റിന്റെ 13 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള ഐടി സമുച്ചയം അവസാനമിനുക്കു പണികളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോഗ്‌നിസന്റിന് പുറമെ യുഎസ്ടി ഗ്ലോബൽ, ട്രാൻസ് ഏഷ്യ, ക്ലേസിസ് ടെക്‌നോളജീസ്, കാസ്പിയൻ ടെക്പാർക്ക്‌സ്, മീഡിയ സിസ്റ്റംസ്, മുത്തൂറ്റ് ഗ്രൂപ്പ്, പടിയത്ത് ഇന്നവേഷൻ തുടങ്ങിയ സ്ഥാപനങ്ങളും രണ്ടാംഘട്ടത്തിൽ പങ്കാളികളാണ്. ഹോട്ടലുകളും ഷോപ്പിംഗ് മാളുകളും ഇന്റർനാഷണൽ സ്‌കൂളും കൺവെൻഷൻ സെന്ററും ഉൾപ്പെടുന്ന 160 ഏക്കർ ടൗൺഷിപ്പാണ് രണ്ടാംഘട്ടം.