ഇന്ത്യാ റബർമീറ്റ് മാർച്ച് നാലിന് കൊച്ചിയിൽ

Posted on: January 31, 2015

India-Rubber-Meet-2015-CS

കോട്ടയം : റബർ ബോർഡും റബർമേഖലയിലെ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ റബർ മീറ്റ് 2015 (ഐആർഎം 2015) മാർച്ച് നാല്, അഞ്ച് തീയതികളിൽ കൊച്ചി ലേ മെറിഡിയൻ കൺവൻഷൻ സെന്ററിൽ നടക്കും. റബർ മീറ്റ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിർമല സീതാരാമൻ നാലിനു രാവിലെ ഉദ്ഘാടനം ചെയ്യും.

പരിമിതവിഭവങ്ങൾ-അനന്തസാധ്യതകൾ എന്നതായിരിക്കും സമ്മേളന വിഷയം. സുസ്ഥിര റബർ എന്ന ലക്ഷ്യത്തിനൊപ്പം പാരിസ്ഥിതിക പ്രാധാന്യവും സമ്മേളനത്തിൽ ചർച്ച ചെയ്യും. റബർ മേഖലയുമായി ബന്ധപ്പെട്ട സാമ്പത്തിക, വാണിജ്യ വിഷയങ്ങൾ, റബറിന്റെ ഭാവി, സാങ്കേതിക വിഷയങ്ങൾ, പുതിയ കണ്ടുപിടിത്തങ്ങൾ തുടങ്ങിയവയെ ആസ്പദമാക്കി രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന വിദഗ്ധർ പ്രസംഗിക്കും.

വിവിധ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ധർ നയിക്കുന്ന പാനൽ ചർച്ചകളും നടക്കും. ഡോ. ജോൺ ബാഫസ് (സീനിയർ ഇക്കണോമിസ്റ്റ്, ഡെവലപ്‌മെന്റ് പ്രോസ്‌പെക്ട്‌സ് ഗ്രൂപ്പ്, ലോകബാങ്ക്), ഡോ. സ്റ്റീഫൻ ഇവാൻസ് (സെക്രട്ടറി ജനറൽ, ഇന്റർ നാഷണൽ റബർ സ്റ്റഡി ഗ്രൂപ്പ്, മലേഷ്യ), ഡോ. അബ്ദുൾ അസീസ് (സെക്രട്ടറി ജനറൽ, ഇന്റർ നാഷണൽ റബർ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ബോർഡ്, മലേഷ്യ), ഷീല തോമസ് (സെക്രട്ടറി ജനറൽ, അസോസിയേഷൻ ഓഫ് നാച്ചുറൽ റബർ പ്രൊഡ്യൂസിംഗ് കൺട്രീസ്, മലേഷ്യ), ഡോ. സ്റ്റുവർട്ട് കുക്ക് (ഡയറക്ടർ ഓഫ് റിസർച്ച്, തുൻ അബ്ദുൾ റസാക്ക് റിസർച്ച് സെന്റർ, യുകെ), ഗുന്തർ ലോട്ട്മാൻ (മാനേജർ, ഗ്രൂപ്പോ അഗ്രോ ഇൻഡസ്ട്രിയൽ ഡി ഓക്‌സിഡന്റെ, ഗ്വാട്ടിമാല), എൻ ദിയായെ ഔമർ (ഡയറക്ടർ, ഡിപ്പാർട്ട്‌മെന്റ് കൾച്ചേഴ്‌സ് ആൻഡ് എക്‌സ്‌പോർട്ടേഷൻ എറ്റ് പ്രൊഡക്ഷൻ ഫോറസ്റ്റിയേഴ്‌സ്, അബിദ്ജാൻ, ഐവറികോസ്റ്റ്) തുടങ്ങിയവരാണ് മുഖ്യപ്രഭാഷകർ. സമ്മേളനത്തിന്റെ ആദ്യദിവസം രാജ്യാന്തരതലത്തിൽ നടത്തുന്ന പാനൽചർച്ചയിൽ റബർ ബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് അധ്യക്ഷത വഹിക്കും.

മീറ്റിന്റെ നടത്തിപ്പിനു റബർ ബോർഡ് ചെയർമാൻ ഡോ. എ. ജയതിലക് ചെയർമാനും വിനോദ് ടി സൈമൺ (ചെയർമാൻ, റബർ സ്‌കിൽ ഡെവലപ്‌മെന്റ് കൗൺസിൽ) വൈസ് ചെയർമാനുമായി ഓർഗനൈസിംഗ് കമ്മിറ്റിക്കു രൂപം നൽകിയിട്ടുണ്ട്. റബർമേഖലയുമായി ബന്ധപ്പെട്ട വിവിധ അസോസിയേഷനുകളുടെയും കമ്പനികളുടെയും പ്രതിനിധികളും റബർരംഗത്തെ മാധ്യമങ്ങളുടെ പ്രതിനിധികളും ഓർഗനൈസിംഗ് കമ്മിറ്റിയിൽ അംഗങ്ങളാണ്. മീറ്റിന്റെ രജിസ്‌ട്രേഷൻ തുടങ്ങി. 10,000 രൂപയാണു രജിസ്‌ട്രേഷൻ ഫീസ്. ഫെബ്രുവരി 15 നകം രജിസ്റ്റർ ചെയ്യുന്നവർ 7,500 രൂപ അടച്ചാൽ മതിയാകും. ചെറുകിട റബർ കർഷകർക്ക് 3,500 രൂപയ്ക്കു രജിസ്റ്റർ ചെയ്യാം.