സ്‌പൈസ്‌ജെറ്റ് 1,300 ജീവനക്കാരെ കുറയ്ക്കും

Posted on: January 13, 2015

Spicejet-Pilots-Big

സാമ്പത്തികപ്രതിസന്ധിയിൽ നട്ടം തിരിയുന്ന സ്‌പൈസ്‌ജെറ്റ് 1,300 ജീവനക്കാരെ കുറയ്ക്കും. ഗ്രൗണ്ട് സ്റ്റാഫ് മുതൽ കാബിൻ ക്രൂ വരെയുള്ള ഓരോ വിഭാഗങ്ങളിലും 100 പേരെ വീതം കുറയ്ക്കാനാണ് നീക്കം. 60 പൈലറ്റുമാർക്ക് പിരിഞ്ഞുപോകാൻ നോട്ടീസ് നൽകിക്കഴിഞ്ഞു. 3,000 കോടി രൂപ നഷ്ടവും 1,400 കോടി രൂപയുടെ സാമ്പത്തിക ബാധ്യതകളുമാണ് സ്‌പൈസ്‌ജെറ്റ് നേരിടുന്നത്.

മൊത്തം 5,000 ജീവനക്കാരാണ് സ്‌പൈസ്‌ജെറ്റിലുള്ളത്. ഫ്‌ലൈറ്റുകൾ വൻതോതിൽ വെട്ടിക്കുറച്ചതോടെ ജീവനക്കാർ ബാധ്യതയായത്. 17 ബോയിംഗ് ബി 737 വിമാനങ്ങളും 15 ബോംബാർഡിയർ ക്യു 400 വിമാനങ്ങളുമാണ് സർവീസിന് ഉപയോഗിക്കുന്നത്.

ജീവനക്കാർക്ക് ഡിസംബറിലെ ശമ്പളം ഇതേവരെ നൽകിയിട്ടില്ല. ജനുവരി 7 നും 10 നും ശമ്പളം നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കാനായില്ല. ഇപ്പോൾ 20 ന് കുടിശിക തീർക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മുൻ പ്രമോട്ടർ അജയ്‌സിംഗിന്റെ നേതൃത്വത്തിൽ സ്‌പൈസ്‌ജെറ്റിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.