പുതിയ ഏഴു ബാങ്കുകൾക്കു ലൈസൻസ്

Posted on: October 6, 2013

P.-Chidambaram-FMരാജ്യത്ത് പുതിയ ഏഴു ബാങ്കുകൾക്കു ലൈസൻസ് നൽകുമെന്ന് കേന്ദ്രധനകാര്യമന്ത്രി പി. ചിദംബരം ബെംഗലുരുവിൽ പറഞ്ഞു. ഓരേ ശൈലി പിന്തുടരുന്ന ഏഴു സ്ഥാപനങ്ങളാവില്ല പുതിയ ബാങ്കുകൾ. പ്രത്യേക വിഭാഗം ഇടപാടുകാർക്കു മികച്ച ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുകയാണ് പുതിയ ബാങ്കുകളുടെ ലക്ഷ്യമെന്ന് ചിദംബരം കൂട്ടിച്ചേർത്തു.

ടാറ്റാ സൺസ്, എൽ & ടി , റിലയൻസ്, ആദിത്യബിർള നുവോ, ബജാജ്, ശ്രീറാം, റിലിഗേർ, മുത്തൂറ്റ്, പൊതുമേഖലയിൽ നിന്നുള്ള ഇന്ത്യ പോസ്റ്റ്, ഐഎഫ്‌സിഐ തുടങ്ങിയ 26 ഗ്രൂപ്പുകളാണ് ബാങ്കിംഗ് ലൈസൻസിനായി റിസർവ് ബാങ്കിനെ സമീപിച്ചിട്ടുള്ളത്. റിസർവ് ബാങ്ക് മുൻ ഗവർണർ ബിമൽ ജലാന്റെ നേതൃത്വത്തിലുള്ള എക്‌സ്റ്റേണൽ കമ്മിറ്റിയാണ് ലൈസൻസിനുള്ള അപേക്ഷകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തത്.

അടുത്ത ജനുവരിയിൽ പുതിയ ലൈസൻസുകൾ അനുവദിക്കുമെന്ന് ചുമതലയേറ്റ ദിവസം തന്നെ ആർബിഐ ഗവർണർ രഘുറാം രാജൻ പ്രഖ്യാപിച്ചിരുന്നു.കഴിഞ്ഞ 20 വർഷത്തിനിടെ 12 ബാങ്കുകൾക്കാണ് റിസർബാങ്ക് ലൈസൻസ് നൽകിയത്.ഏറ്റവും ഒടുവിൽ 2003-04 ൽ കോട്ടക് മഹീന്ദ്ര ബാങ്കിനും യെസ് ബാങ്കിനുമാണ് ലൈസൻസ് കിട്ടിയത്.