കുവൈറ്റ് എയർവേസിൽ മുതൽമുടക്കാൻ അഗിലിറ്റി

Posted on: November 7, 2014

Kuwait-Airways-Airbus-A320-

കുവൈറ്റ് എയർവേസിൽ മുതൽമുടക്കാൻ ലോജിസ്റ്റിക്‌സ് കമ്പനിയായ അഗിലിറ്റി രംഗത്ത്. കുവൈറ്റ് ആസ്ഥാനമായുള്ള അഗിലിറ്റിക്ക് പ്രതിവർഷം .85 ബില്യൺ ഡോളർ വരുമാനമുണ്ട്. 100 രാജ്യങ്ങളിൽ സാന്നിധ്യമുള്ള അഗിലിറ്റി 40 ലോജിസ്റ്റിക്‌സ് ബ്രാൻഡുകളെ ഏറ്റെടുത്തിട്ടുണ്ട്. എയർലൈൻ മേഖലയിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

നഷ്ടത്തിൽ പ്രവർത്തിക്കുന്ന കുവൈറ്റ് എയർവേസിന്റെ 40 ശതമാനം ഓഹരി പൊതുജനങ്ങൾക്കും 35 ശതമാനം ഓഹരി അനുയോജ്യരായ നിക്ഷേപകർക്കും വിൽക്കാൻ 2008 ൽ കുവൈറ്റ് പാർലമെന്റ് തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ തീരുമാനമുണ്ടായില്ല.

നേരത്തെ ഇത്തിഹാദ് എയർവേസ്, ഖത്തർ എയർവേസ്, കുവൈറ്റിലെ സ്വകാര്യ ബജറ്റ് എയർലൈനായ ജസീറ എയർവേസും കുവൈറ്റ് എയർവേസിൽ ഓഹരിനിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ചിരുന്നു. 280 മില്യൺ ഡോളറിന്റെ (1708 കോടി രൂപ) ഓഹരികൾ വിൽക്കാനാണ് കുവൈറ്റ് ഗവൺമെന്റിന്റെ ലക്ഷ്യം. 805.3 മില്യൺ ഡോളറാണ് കുവൈറ്റ് എയർവേസിന്റെ മൂലധനം. 1954 ൽ ആരംഭിച്ച കുവൈറ്റ് എയർവേസിന് 17 എയർബസ് വിമാനങ്ങളാണുള്ളത്. 2600 കുവൈറ്റി ജീവനക്കാരും വിമാനക്കമ്പനിയിലുണ്ട്.

ഇന്ത്യയിൽ കൊച്ചി, ചെന്നൈ, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലേക്ക് കുവൈറ്റ് എയർവേസ് സർവീസുണ്ട്. കഴിഞ്ഞവർഷം ജെറ്റ് എയർവേസിൽ നിന്നും അഞ്ച് എയർബസ് എ 330 വിമാനങ്ങൾ വാങ്ങാൻ ഒരുങ്ങിയ കുവൈറ്റ് എയർവേസ് ചെയർമാൻ സാമി അബ്ദുൾ ലത്തീഫ് അൽ നെസിഫിന് സ്ഥാനം നഷ്ടമായിരുന്നു. അടുത്തയിടെ 10 ബോയിംഗ് ബി 777 വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ട്.