ഫോർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കു മാത്രം ബാർ

Posted on: October 30, 2014

Kerala-HighCourt-big

നിലവാരമില്ലാത്ത ബാറുകൾ അടച്ചുപൂട്ടിയ കേരള സർക്കാരിന്റെ മദ്യനയത്തിന് കേരള ഹൈക്കോടതി ഭാഗിക അംഗീകാരം നൽകി. ഫോർ സ്റ്റാർ ബാറുകൾക്ക് പ്രവർത്തിക്കാമെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിച്ചു. ഫൈവ് സ്റ്റാർ
ബാറുകൾക്കും ഹെറിറ്റേജ് ബാറുകൾക്കും പ്രവർത്തിക്കാമെന്ന് സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ടു സ്റ്റാർ, ത്രീ സ്റ്റാർ ബാറുകൾ അടച്ചുപൂട്ടണം. 21 ഫൈവ് സ്റ്റാറും 33 ഫോർ സ്റ്റാറും ക്ലാസിഫിക്കേഷനുള്ള 8 ഹെറിറ്റേജ് ബാറുകൾക്കും പ്രവർത്തിക്കാമെന്ന് ജസ്റ്റീസ് സുരേന്ദ്രമോഹൻ വിധി പ്രസ്താവനയിൽ ഉത്തരവിട്ടു.

ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കപ്പെട്ടിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ടു സ്റ്റാർ, ത്രീ സ്റ്റാർ ബാറുടമകളുടെ ഹർജികൾ കോടതി തള്ളി. കേരള സർക്കാരിന്റെ മദ്യനയം ചോദ്യംചെയ്തുകൊണ്ട് 83 ഹർജികളാണ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നത്.

കോടതിവിധി സർക്കാരിന് തിരിച്ചടിയില്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു പറഞ്ഞു. വിധി പകർപ്പ് കിട്ടിയശേഷം അപ്പീൽ സംബന്ധിച്ച തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

സിംഗിൾ ബഞ്ച് വിധിക്കെതിരെ ഡിവിഷൻ ബഞ്ചിനെയും സുപ്രീംകോടതിയെയും സമീപിക്കുമെന്ന് ബാറുടമകൾ പറഞ്ഞു. അടച്ചുപൂട്ടിയ 418 ബാറുകളിൽ നൂറോളം ഫോർസ്റ്റാർ ബാറുകളുണ്ട്. നിർമാണം പൂർത്തിയാക്കി ലൈസൻസ് കാത്തുനിൽക്കുന്ന 45 ഫോർസ്റ്റാർ ബാറുകൾ വേറെയും കേരളത്തിലുണ്ടെന്നും ബാർ ഉടമകൾ ചൂണ്ടിക്കാട്ടി.