വിമാന നിർമാണത്തിന് എയർബസ് – ടാറ്റാ ധാരണയ്ക്ക് നീക്കം

Posted on: October 26, 2014

Airbus-Transport-Plane-big

പ്രതിരോധമേഖലയ്ക്ക് ആവശ്യമായ ട്രാൻസ്‌പോർട്ട് വിമാനങ്ങൾ നിർമ്മിക്കാൻ എയർബസ് കമ്പനിയും ടാറ്റാ ഗ്രൂപ്പും തമ്മിൽ ധാരണയ്ക്കു നീക്കം. ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ആണ് എയ്‌റോസ്‌പേസ് മേഖലയിൽ പ്രവർത്തിക്കുന്ന ടാറ്റാ ഗ്രൂപ്പ് കമ്പനി. യുഎസ് ഹെലികോപ്ടർ കമ്പനിയായ സ്‌കോർസ്‌കിയുമായി ടാറ്റാ അഡ്വാൻസിന് ധാരണയുണ്ട്. ബംഗലുരുവിലെ എയർബസ് ഇന്ത്യ എൻജിനീയറിംഗ് യൂണിറ്റ് നേരിട്ടും അല്ലാതെയും 5,000 തൊഴിലവസരങ്ങളാണ് നൽകുന്നത്. ഇവരിൽ 350 എൻജിനീയർമാരും ഉൾപ്പെടുന്നു.

സംയുക്തസംരംഭം തുടങ്ങാനുള്ള നീക്കം ഇരു കമ്പനികളും സ്ഥിരീകരിച്ചിട്ടില്ല. പ്രതിരോധമേഖലയിൽ വിദേശനിക്ഷേപം 26 ശതമാനത്തിൽ നിന്ന് 49 ശതമാനമായി ഉയർത്തിയത് ഈ നീക്കത്തിന് ശക്തി പകരും. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കുറഞ്ഞ ചെലവിൽ മികച്ച ഉത്പന്നങ്ങൾ പ്രതിരോധമേഖലയ്ക്കു വേണ്ടി നിർമ്മിക്കുന്നതിന് കേന്ദ്ര ഗവൺമെന്റും പിന്തുണയുമുണ്ടാകും.

ഇന്ത്യൻ എയർഫോഴ്‌സ് ഇപ്പോൾ ഉപയോഗിച്ചുവരുന്ന അവ്‌റോ വിമാനങ്ങൾ വൈകാതെ പരിഷ്‌കരിക്കാൻ തീരുമാനിച്ചിരുന്നു. എയർബസ് – ടാറ്റാ സഖ്യം ഉൾപ്പടെ നിരവധി കമ്പനികൾ അവ്‌റോസിനു പകരം പുതിയ വിമാനം അവതരിപ്പിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ്, മഹീന്ദ്ര & മഹീന്ദ്ര, ഭാരത് ഫോർജ് തുടങ്ങിയ ഇന്ത്യൻ കമ്പനികളും പദ്ധതിയിൽ താത്പര്യം കാട്ടിയിട്ടുണ്ട്.