കേരളത്തില്‍ 1000 മെഗാവാട്ട് സൗരോര്‍ജം ഉത്പാദനം ലക്ഷ്യം

Posted on: February 23, 2019

കൊച്ചി : കേരളത്തില്‍ 1000 മെഗാവാട്ട് സൗരോര്‍ജം ഉത്പാദനമാണ് സര്‍ക്കാരിന്റെയും വൈദ്യുതബോര്‍ഡിന്റയും ലക്ഷ്യമെന്ന് മന്ത്രി എം എം മണി. തമ്മനം 33 കെവി കണ്ടെയ്‌നര്‍ സബ്‌സ്‌റ്റേഷന്റെ ഉദ്ഘാടവനും എറണാകുളം ഭരണ സമുച്ചയത്തിന്റെ ശിലാസ്ഥാപനകര്‍മവും നിര്‍വഹിക്കുകയായിരുന്നു അദേഹം.

ഇതില്‍ 200 മെഗാവാട്ട് കെട്ടിടങ്ങളുടെ മുകളിലും ബാക്കി ഡാമുകളില്‍ ഫ്‌ളോട്ടിംഗ് സോളാര്‍ സംവിധാനം വഴിയും നടപ്പിലാക്കാനാണ് ഉദേശിക്കുന്നത്. നിലവില്‍ 100 മെഗാവാട്ടില്‍ അധികം സൗരോര്‍ജം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളുണ്ട്. ഇതു വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്ത് ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ട് സൗരോര്‍ജ യൂണിറ്റുകള്‍ കൂടാതെ ഇടുക്കിയില്‍ രണ്ടാംഘട്ട പവര്‍ഹൗസ് സ്ഥാപിക്കുകയെന്ന ലക്ഷ്യവുമുണ്ട്. ഇതു സംബന്ധിച്ച തീരുമാനങ്ങള്‍ ഉടന്‍തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

TAGS: Solar Energy |