റിസര്‍വ് ബാങ്ക് സര്‍ക്കാരിന് 28000 കോടി നല്‍കും

Posted on: February 19, 2019

ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് ഇടക്കാല ലാഭവിഹിതമായി 28,000 കോടി രൂപ കേന്ദ്ര സര്‍ക്കാരിനു നല്‍കും. ഡിസംബര്‍31 വരെയുള്ള 6 മാസത്തെ വിഹിതമാണിതെന്ന്, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പങ്കെടുത്ത ബോര്‍ഡ് യോഗത്തിനുശേഷം റിസര്‍വ് ബാങ്ക് പറഞ്ഞു. സര്‍ക്കാരിനു കമ്മി കുറയ്ക്കാന്‍ ഇതു സഹായിക്കും.

കഴിഞ്ഞ ഓഗസ്റ്റില്‍ 50,000 കോടി രൂപ ലാഭവിഹിതമായി നല്കിയിരുന്നു. റിസര്‍വ് ബാങ്കിന്റെ ആവശ്യങ്ങള്‍ക്കുശേഷമുള്ള ലാഭത്തുക സര്‍ക്കാരിനു കൈമാറാമെന്ന നിയമവ്യവസ്ഥ (റിസര്‍വ് ബാങ്ക് ആക്ട്, സെക്ഷന്‍ 47) അനുസരിച്ചാണു തുക നല്കുന്നത്.

ബജറ്റ് രേഖകള്‍ അനുസരിച്ച് 2019- 20 -ല്‍ ആര്‍ ബി ഐ, പൊതുമേഖല ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നായി മൊത്തം 82,911.56 കോടി രൂപ ലാഭ വിഹിതമായി ലഭിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ സഹായ പദ്ധതിയെത്തുടര്‍ന്ന് ഈ വര്‍ഷം ധനക്കമ്മി ജി ഡി പിയുടെ 3.4 ശതമാനമായി ഉയരുമെന്ന് വിലയിരുത്തി.

TAGS: Reserve Bank |