എയർബസ് എ 320 നിയോ വിമാനങ്ങൾ പറത്തുന്നതിന് വിലക്ക്

Posted on: January 20, 2019

ന്യൂഡൽഹി : പ്രാറ്റ് ആൻഡ് വിറ്റ്‌നി എൻജിനുകൾ ഉപയോഗിക്കുന്ന എയർബസ് എ 320 നിയോ വിമാനങ്ങൾ വിദേശത്തേക്കും പോർട്ട്‌ബ്ലെയറിലേക്കും പറത്തുന്നതിന് വ്യോമയാനമന്ത്രാലയം വിലക്ക് ഏർപ്പെടുത്തി. എയർബസ് എ 320 നിയോ വിമാനങ്ങൾക്ക് പറക്കലിനിടെ പല തവണ എൻജിൻ തകരാറ് കണ്ടെത്തിയതിനെ തുടർന്നാണിത്. ഈ വിഭാഗത്തിലുള്ള നൂറിലേറെ വിമാനങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ സർവീസ് നടത്തുന്നത്. ഇൻഡിഗോ, ഗോ എയർ എന്നീ വിമാനക്കമ്പനികളാണ് എയർബസ് എ 320 നിയോ വിമാനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത്.

പ്രാറ്റ് ആൻഡ് വിറ്റ്‌നി എൻജിൻ ഉപയോഗിക്കുന്ന ഇൻഡിഗോ വിമാനങ്ങളിൽ നിന്ന് കഴിഞ്ഞ വർഷം 69 സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ഡിജിസിഎ വ്യക്തമാക്കി. ഡിജിസിഎ അനുമതി നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞവർഷം ഇൻഡിഗോയും ഗോ എയറും നിരവധി ഫ്‌ളൈറ്റുകൾ റദ്ദാക്കിയിരുന്നു. ഒരു മണിക്കൂർ പറക്കലിനിടെ വിമാനത്താവളങ്ങളില്ലാത്ത സ്ഥലങ്ങളിലേക്കുള്ള സർവീസുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുളളത്. ഈ തീരുമാനം ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾക്ക് തിരിച്ചടിയാകും.