ആധാർ 90,000 കോടി നേട്ടമുണ്ടാക്കാൻ കഴിഞ്ഞുവെന്ന് അരുൺ ജെയ്റ്റ്‌ലി

Posted on: January 6, 2019

ന്യൂഡൽഹി : ആധാർ നടപ്പാക്കിയതിലൂടെ 90,000 കോടി രൂപ സർക്കാരിന് മിച്ചംപിടിക്കാൻ കഴിഞ്ഞുവെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി. സബ്‌സിഡികളിലെ ഇരട്ടിപ്പും വ്യാജ ഗുണകാംക്ഷികളെ ഒഴിവാക്കിയതിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 2018 മാർച്ച് വരെയുള്ള കണക്കാണിത്. ആയുഷ്മാൻ ഭാരത് ഉൾപ്പടെയുള്ള മൂന്ന് ജനക്ഷേമ പദ്ധതികൾ നടപ്പക്കാൻ ഈ പണം സർക്കാരിനെ സഹായിച്ചുവെന്ന് ധനമന്ത്രി ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പതിനെട്ട് വയസിന് മുകളിലുള്ള 99 ശതമാനം പേരും ആധാറിന്റെ പരിധിയിലാണ്.

ആകെ 10.74 കോടി പാവപ്പെട്ട കുടുംബങ്ങൾ അത്യാധുനിക ചികിത്സസൗകര്യങ്ങളുടെ ഗുണഭോക്താക്കളാണ്. സെപ്റ്റംബറിൽ പദ്ധതി ആരംഭിച്ച ശേഷം ഏഴ് ലക്ഷം പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. യുപിഎ സർക്കാർ അർധമനസോടെയാണ് ആധാറിനെ സമീപിച്ചത്. ആദായനികുതി വകുപ്പ് 21 കോടി പാൻകാർഡുകൾ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആധാർ പ്രതിവർഷം 77,000 കോടി രൂപ മിച്ചംവെയ്ക്കാൻ ഇന്ത്യയെ സഹായിക്കുമെന്നാണ് ലോക ബാങ്കിന്റെ ഡിജിറ്റൽ ഡിവിഡൻഡ് റിപ്പോർട്ടിലെ വിലയിരുത്തലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.