കേരളത്തിൽ ഹർത്താൽ പൂർണം

Posted on: January 3, 2019

കൊച്ചി : ശബരിമല കർമ്മസമിതി ആഹ്വാനം ചെയ്ത ഹർത്താൽ കേരളത്തിൽ പൂർണം. സംസ്ഥാനത്ത് കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കാനായിട്ടില്ല. തമ്പാന്നൂരിൽ ട്രെയിനിൽ എത്തിയ യാത്രക്കാരി കുഴഞ്ഞുവീണു മരിച്ചു. ശ്രീചിത്തര ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയ്ക്ക് എത്തിയ വയനാട് സ്വദേശിനി പാത്തുമ്മയാണ് മരിച്ചത്.

കെഎസ്ആർടിസി പോലീസ് സംരക്ഷണത്തോടെ ഒറ്റപ്പെട്ട സർവീസുകൾ നടത്തുന്നുണ്ട്. പേരാമ്പ്രയിലും കൊട്ടാരക്കരയിലും കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. കൊയിലാണ്ടിയിലും കുന്നമംഗലത്തും സ്വകാര്യവാഹനങ്ങൾക്ക് നേരെയും കല്ലേറുണ്ടായി. മലപ്പുറം തവനൂരിലും എറണാകുളം ആലങ്ങാട്ടും സിപിഎം ഓഫീസുകൾക്ക് നേരെ ആക്രമണം ഉണ്ടായി.

കെഎസ്ആർടിസി കോട്ടയത്ത് നിന്ന് പമ്പ, എരുമേലി സർവീസുകൾ നടത്തുന്നുണ്ട്. മറ്റ് അനിഷ്ടസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മലപ്പുറത്ത് സ്വകാര്യബസുകൾ സർവീസ് നടത്താൻ തയാറായിട്ടുണ്ട്. ബിജെപി ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫ് ഇന്ന് കരിദിനം ആചരിക്കുകയാണ്.

TAGS: BJP | Harthal | Sabarimala |