ഏഴു ബാങ്കുകള്‍ക്ക് മൂലധന സഹായം 28,675 കോടി രൂപ

Posted on: December 28, 2018

ന്യൂഡല്‍ഹി : ഏഴു പൊതുമേഖലാ ബാങ്കുകള്‍ക്കായി 28,615 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ മൂലധനമായി നല്‍കും. പുനര്‍മൂലധനവല്‍ക്കരണ കടപ്പത്രങ്ങള്‍ ( റീകാപ്പിറ്റലൈസേഷന്‍ ബോണ്ടുകള്‍ ) വഴി ഈ മാസം 31 നു മുന്‍പ് തുക നല്‍കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബാങ്കുകളുടെ മൂലധന പര്യാപ്തത അനുപാതം ഉറപ്പുവരുത്തുന്നതിനാണ് നടപടി.

ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ് കൂടുതല്‍ പണം ലഭിക്കുന്നത്. 10,086 കോടി രൂപ. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് (5,500 കോടി), ബാങ്ക് ഓഫ് മഹാരാഷ്ട്ര (4,498 കോടി) യൂകോ ബാങ്ക്(3,056 കോടി) യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ ( 2,159 കോടി) എന്നിവയാണ് കൂടുതല്‍ പണം ലഭിക്കുന്ന മറ്റു ബാങ്കുകള്‍.

നടപ്പു സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ക്ക് 65,000 കോടി രൂപ നല്‍കുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. 23,000 കോടി രൂപ നേരത്തെ നല്‍കി. ബാക്കിയുള്ള 42,000 കോടിയില്‍ നിന്നാണ് ഇപ്പോള്‍ നല്‍കുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കൂടുതലായി 41,000 കോടി രൂപ കൂടി പൊതുമേഖലാ ബാങ്കുകളുടെ പുനര്‍മൂലധനവല്‍ക്കരണത്തിനു വകയിരുത്തുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഈ മാസം പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഇതിനായി കഴിഞ്ഞ 20 ന് പാര്‍ലമെന്റിന്റെ അനുമതിയും തേടിയിരുന്നു.

റീകാപ്പിറ്റലൈസേഷനിലൂടെ പൊതുമേഖലാ ബാങ്കുകളുടെ വായ്പാ വിതരണ ശേഷി വര്‍ധിക്കുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. റിസര്‍വ് ബാങ്ക് ചുമത്തിയിട്ടുള്ള വായ്പാ നിയന്ത്രണം മറികടക്കാനും ബാങ്കുകള്‍ക്ക് കഴിയും. പൊതുമേഖലയിലെ 21 ബാങ്കുകളിലെ പതിനൊന്നും വായ്പാ നിയന്ത്രണ പരിധിയിലാണിപ്പോള്‍. അലഹബാദ് ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, കോര്‍പ്പറേഷന്‍ ബാങ്ക്, ഐഡിബിഐ ബാങ്ക്, യൂകോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ദേനാ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവയാണ് റിസര്‍വ് ബാങ്കിന്റെ പട്ടികയിലുള്ളത്.

TAGS: PSU Banks |