പറന്ന് ഉയർന്ന് കണ്ണൂർ ; കേരളത്തിൽ ഇനി 4 രാജ്യാന്തര വിമാനത്താവളങ്ങൾ

Posted on: December 9, 2018

കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭൂവും ചേർന്ന് രാഷ്ട്രത്തിന് സമർപ്പിച്ചു. ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇരുവരും ചേർന്ന് നിലവിളക്ക് കൊളുത്തി നിർവഹിച്ചു. തുടർന്ന് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദാബിയിലേക്കുള്ള ആദ്യ സർവീസ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭൂവും ചേർന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. അബുദാബിയിൽ നിന്ന് ഇന്നു വൈകുന്നേരം തിരിച്ചെത്തുന്ന വിമാനം രാത്രി 9 ന് റിയാദിലേക്ക് പോകും. ആഭ്യന്തര സർവീസുകൾക്കും ഇന്ന് തുടക്കമാകും.

മന്ത്രിമാരായ ഇ.പി. ജയരാജൻ, ഇ. ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ. കെ. ശശീന്ദ്രൻ, എൻ. കൃഷ്ണൻകുട്ടി, എംപിമാരായ പി. കരുണാകരൻ, പി. കെ. ശ്രീമതി ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി, മുൻ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം, കിയാൽ എംഡി വി. തുളസീദാസ് തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു. ഒരു ലക്ഷത്തിലേറെപ്പേരാണ് ഉദ്ഘാടനചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയത്.