ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ നേരിയ വർധന

Posted on: November 23, 2018

ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഒക്‌ടോബറിൽ നേരിയ വളർച്ച. കഴിഞ്ഞ 15 മാസത്തെ ഏറ്റവും കുറഞ്ഞ വളർച്ചയാണ് ആഭ്യന്തര വ്യോമഗതാഗത മേഖല രേഖപ്പെടുത്തിയതെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. 2018 ഒക്‌ടോബറിൽ 13.3 ശതമാനമായിരുന്നു വളർച്ച. യാത്രക്കാരുടെ എണ്ണം 11.84 ദശലക്ഷം. മുൻവർഷം ഒക്‌ടോബറിൽ വളർച്ച 20.5 ശതമാനമായിരുന്നു (10.45 ദശലക്ഷം). അതേസമയം ഈ വർഷം ഒക്‌ടോബറിൽ പാസഞ്ചർ ലോഡ് ഫാക്ടറിൽ 2.7 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ആഭ്യന്തര വിമാനസർവീസുകളിൽ 5.07 ദശലക്ഷം യാത്രക്കാരുമായി ഇൻഡിഗോ ആണ് ഒന്നാം സ്ഥാനത്ത്. ജെറ്റ് എയർവേസ് (1.76 ദശലക്ഷം) എയർ ഇന്ത്യ (1.44 ദശലക്ഷം) സ്‌പൈസ്‌ജെറ്റ് (1.38 ദശലക്ഷം), ഗോ എയർ (1.04 ദശലക്ഷം) എന്നിവയാണ് രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

പാസഞ്ചർ ലോഡ് ഫാക്ടറിൽ സ്‌പൈസ്‌ജെറ്റ് (90.8 ശതമാനം) ആണ് ഒന്നാമത്. ഗോ എയർ (84.1 ശതമാനം), ഇൻഡിഗോ (83.1 ശതമാനം), എയർ ഏഷ്യ ഇന്ത്യ (82.8 ശതമാനം) എന്നിവയാണ് തൊട്ടുപിന്നിൽ.