എണ്ണയുത്പാദനം കുറക്കണമെന്ന് സൗദി

Posted on: November 13, 2018

അബുദാബി : അസംസ്‌കൃത എണ്ണ വില കുറയുന്നയതിന് തടയിടാന്‍ എണ്ണയുത്പാദക രാജ്യങ്ങള്‍ അടുത്തവര്‍ഷം മുതല്‍ ഉത്പാദനം കുറക്കണമെന്ന് സൗദി അറേബ്യ. ഉത്പാദനത്തില്‍ ദിവസം 10 ലക്ഷം ബാരല്‍ കുറവുവരുത്താനാണ് സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍-ഫലീഹിന്റെ നിര്‍ദേശം. എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ അബുദാബിയില്‍ നടന്ന സമ്മേളനത്തിലാണ് നിര്‍ദേശം.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യമായ സൗദി അടുത്തമാസം മുതല്‍ ഉത്പാദനത്തില്‍ ദിവസം അഞ്ചുലക്ഷം ബാരലിന്റെ കുറവുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഒരു മാസത്തിനിടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുത്തനെ കുറഞ്ഞിരുന്നു. ബാരലിന് 15 ഡോളറിനടുത്താണ് കുറഞ്ഞത്. ഇറാനു മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പ്രതീക്ഷിച്ച ആഘാതമുണ്ടാക്കില്ലെന്ന് വ്യക്തമായതോടെയാണ് വില കുറഞ്ഞുതുടങ്ങിയത്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതിചെയ്യാന്‍ ഇന്ത്യയടക്കം എട്ടു രാജ്യങ്ങള്‍ക്ക് അമേരിക്ക അനുമതി നല്‍കുകയും ചെയ്തു.

അടുത്തവര്‍ഷം എണ്ണയുടെ ഉത്പാദനം ആവശ്യത്തേക്കാള്‍ കൂടുതലായിരിക്കുമെന്ന് റഷ്യയും സൗദിയും യോഗത്തില്‍ മുന്നറിയിപ്പു നല്‍കി.

TAGS: Oil Price | Soudi |